കൊച്ചി: ഹിന്ദു മത വിശ്വാസികൾ പുണ്യമാസമായി കണക്കാക്കുന്ന രാമായണ മാസത്തിൽ ആശംസകളുമായി നടൻ മോഹൻലാൽ. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് മോഹൻലാൽ ആശംസ നേർന്നത്. രാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടും ഒരു രാമായണ മാസം ആരംഭിക്കുന്നുവെന്ന വാക്കുകളോടെയാണ് നടന്റെ ആശംസ.
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ! രാമ! സീതാഭിരാമ! രാമ! ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ! എന്ന് തുടങ്ങുന്ന രാമായണത്തിലെ ശ്രീരാമ സ്തുതിയും മോഹൻലാൽ പങ്കുവെച്ചു. ഏവർക്കും ഹൃദ്യമായ രാമായണമാസവും നടൻ ആശംസിച്ചു.
കാനനവാസം കഴിഞ്ഞ് അയോദ്ധ്യയിലെത്തിയ ശ്രീരാമന്റെ പട്ടാഭിഷേക ചിത്രം സഹിതമായിരുന്നു ആശംസ. കർക്കടകം ഒന്നിനാണ് രാമായണ മാസം ആരംഭിക്കുന്നത്. കർക്കടകവാവും ഇന്നായിരുന്നു.
സൂര്യൻ കർക്കടകരാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടക മാസം. ക്ഷാമകാലമെന്നും പഞ്ഞമാസമെന്നുമൊക്കെ വിശേഷിപ്പിക്കുന്ന കർക്കടകത്തിന്റെ ദുരിതങ്ങൾ അകറ്റി നിർത്താൻ കൂടിയാണ് സന്ധ്യാസമയങ്ങളിൽ ഹൈന്ദവ ഭവനങ്ങളിൽ രാമായണ പാരായണം നടത്തുന്നത്.
Discussion about this post