മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ പടിയിറങ്ങുന്നത് കേരള രാഷ്ട്രീയ ചരിത്രത്തിലെ അതുല്യമായ ഒരു ഏടാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പൂമുഖത്ത് ഏറെക്കുറേ ചോദ്യം ചെയ്യപ്പെടാനാവാത്ത ഒരു ചാരുകസേരയിൽ അദ്ദേഹം സർവപ്രതാപിയായി വിരാജിച്ചു. ഒറ്റയണ സമരം മുതൽ ഐക്യരാഷ്ട്ര സഭയുടെ പുരസ്കാര വേദി വരെ എത്തിയ അദ്ദേഹത്തിന്റെ കൈമുതൽ, ഒളിമങ്ങാത്ത ജനകീയത തന്നെയായിരുന്നു എന്ന് നിസംശയം പറയാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ചാനൽ മുറികളിലെ അന്തിചർച്ചകളിലൂടെയും പത്രക്കുറിപ്പുകളിലൂടെയും പ്രതിച്ഛായാ നിർമ്മാണ പ്രക്രിയക്ക് തത്രപ്പെടുന്ന ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്ക് അപ്രാപ്യമായ ഒരിടം അദ്ദേഹം സ്വന്തമാക്കിയത്, ജനഹിതം എന്ന മർമ്മം അറിഞ്ഞ് തന്നെയായിരുന്നു. 1970 മുതൽ 12 തവണ അദ്ദേഹത്തെ നിയമസഭയിൽ എത്തിക്കാൻ കൈമെയ് മറന്ന് പുതുപ്പള്ളി ഒപ്പം നിന്നത്, ഉമ്മൻ ചാണ്ടി ആ നാടിന്റെ സ്വന്തം കുഞ്ഞൂഞ്ഞ് ആയിരുന്നത് കൊണ്ടാണ്, ഏതൊരാൾക്കും ഏത് സമയത്തും ഒരു വിളിപ്പാടകലെ കരുതലായി അദ്ദേഹം ഉണ്ടാകും എന്ന വിശ്വാസമായിരുന്നു. ആ വിശ്വാസത്തിന് ഒരു പോറൽ പോലുമേൽക്കാതെ അന്ത്യനിമിഷം വരെയും കാത്ത് സൂക്ഷിച്ചു എന്നതാണ്, ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് അനുകരണീയമായ ആദർശ മാതൃകയാക്കുന്നത്.
ഏറ്റവും കൂടുതൽ കാലം കേരള നിയമസഭയിൽ ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച അപൂർവം നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. വ്യത്യസ്തമായ രണ്ട് സന്ദർഭങ്ങളിൽ, വിഭിന്നമായ രണ്ട് രാഷ്ട്രീയ സാഹചര്യങ്ങളിൽ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി.
അറുപതുകളുടെ മദ്ധ്യത്തിൽ കെ എസ് യുവിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിൽ കെ എസ് യു യൂണിറ്റ് പ്രസിഡന്റായ അദ്ദേഹം പിന്നീട് 1967 മുതൽ 1969 വരെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി.
സ്കൂളിൽ പോകാൻ ജലഗതാഗതത്തിനെ പ്രധാനമായും ആശ്രയിച്ചിരുന്ന കുട്ടനാട്ടിലെ വിദ്യാർത്ഥികൾക്ക് മേൽ ഇരുട്ടടി പോലെയായിരുന്നു 1958ലെ ഇ എം എസ് സർക്കാരിന്റെ കൺസെഷൻ വർദ്ധനവ് വന്ന് പതിച്ചത്. ഇ എം എസ് സർക്കാർ ബോട്ട് കൺസെഷൻ ഒറ്റയണ (6 പൈസ)യിൽ നിന്നും ഒറ്റയടിക്ക് 10 പൈസയായി ഉയർത്തി. ഇതിനെതിരെ കെ എസ് യു നയിച്ച പ്രക്ഷോഭങ്ങളിൽ ഉമ്മൻ ചാണ്ടി നിറസാന്നിദ്ധ്യമായി. തുടർന്ന് കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച വിമോചന സമരത്തിലൂടെ ഉമ്മൻ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു.
ഒരണ സമരകാലത്ത് പരിചയപ്പെട്ട വയലാർ രവിക്കും എ കെ ആന്റണിക്കും ഒപ്പം പിൽക്കാലത്ത് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഗതി നിർണയിച്ച നേതൃശ്രേണിയിലേക്ക് ഉമ്മൻ ചാണ്ടി വളർന്ന് പന്തലിച്ചു. പിന്നീട് ആന്റണിയും വയലാർ രവിയും ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ പതിപ്പിച്ചപ്പോൾ, ഉമ്മൻ ചാണ്ടി കേരളത്തിൽ തന്നെ നിലകൊണ്ടു. ഇടക്കാലത്ത് അഖില കേരള ബാലജനസഖ്യത്തിന്റെ പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം, 1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് സംസ്ഥാന മന്ത്രിസഭയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം പ്രതീക്ഷിതവും സ്വാഭാവികവുമായിരുന്നു. നാല് തവണ അദ്ദേഹം മന്ത്രിയായി. 1977ലെ കരുണാകരൻ മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായിട്ടായിരുന്നു തുടക്കം. 1978ൽ ആന്റണി മന്ത്രിസഭ വരുന്നത് വരെ അദ്ദേഹം പദവിയിൽ തുടർന്നു. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനം നൽകാനുള്ള തീരുമാനത്തിലേക്ക് നയിച്ചത് ഉമ്മൻ ചാണ്ടി അക്കാലത്ത് നടത്തിയ പരിഷ്കരണ നടപടികളായിരുന്നു.
ഗ്രൂപ്പുകൾ സ്വാഭാവികമായ ഒരു പ്രതിഭാസമായി കോൺഗ്രസിൽ അംഗീകരിക്കപ്പെടുന്നതിന് മുൻപ് തന്നെ ഉമ്മൻ ചാണ്ടി ആന്റണിക്കൊപ്പം ഉറച്ച് നിന്നു. ഇന്ദിര ഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നിശബ്ദനായി നിലകൊണ്ട ഉമ്മൻ ചാണ്ടി, വ്യക്തിപരമായി അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന് എതിരായിരുന്നു എന്ന് പിൽക്കാലത്ത് കോൺഗ്രസിനുള്ളിൽ തന്നെ ചർച്ചകൾ ഉയർന്നു വന്നു. ഇന്ദിരാ ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും ആരാധകനായിരുന്ന കരുണാകരനിൽ നിന്നും അകന്ന ഉമ്മൻ ചാണ്ടി, ആന്റണിക്കൊപ്പം ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ വക്താവായി പിൽക്കാലത്ത് മാറി. 1978ൽ കോൺഗ്രസ് പാർട്ടി പിളർന്നപ്പോൾ ആന്റണി രൂപീകരിച്ച കോൺഗ്രസ് ‘എ‘ യിൽ ഉമ്മൻ ചാണ്ടി വിശ്വാസമർപ്പിച്ചു. 1982ലെ കോൺഗ്രസ് പുനരേകീകരണത്തെ തുടർന്ന് കേരളത്തിൽ എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിൽ ആരംഭിച്ച രാഷ്ട്രീയ വടംവലിയിൽ ആന്റണിയുടെ വിശ്വസ്തനായ അമരക്കാരനായി.
തുടർന്ന് രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ ഉമ്മൻ ചാണ്ടി എ ഗ്രൂപ്പ് നോമിനിയായി ആഭ്യന്തര മന്ത്രി പദത്തിലെത്തി. പിന്നീട് 1991ലെ നാലാം കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി. എന്നാൽ എ ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് നിഷേധിച്ച കരുണാകരന്റെ നടപടിയിൽ പ്രതിഷേധിച്ച് ഉമ്മൻ ചാണ്ടി മന്ത്രിപദം രാജിവെച്ചു.
ഈ കാലഘട്ടത്തിലാണ്, പിൽക്കാലത്ത് ഉമ്മൻ ചാണ്ടിയെ പ്രതിനായകനാക്കി മാറ്റിയ ഐ എസ് ആർ ഒ ചാരക്കേസ് ഉയർന്നുവരുന്നത്. കരുണാകരനെതിരായ രാഷ്ട്രീയ ആയുധമാക്കി ഉമ്മൻ ചാണ്ടിയും കൂട്ടരും ചാരക്കേസിനെ പരുവപ്പെടുത്തി. നമ്പി നാരായണൻ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ ബലിയാടായ കേസിൽ, മലയാള മനോരമ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ ഉപജാപം നടത്തി എന്ന ആരോപണം ഉയർന്നു.
പിന്നീട് ആന്റണി ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചപ്പോൾ, ഉമ്മൻ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 2004ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിനെ തുടർന്ന് ആന്റണി മുഖ്യമന്ത്രി പദം രാജിവെച്ചു. അങ്ങനെ 2004 ഓഗസ്റ്റിൽ ഉമ്മൻ ചാണ്ടി ആദ്യമായി കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
ആന്റണിയുടെ നിഴലിൽ നിന്നും സമ്പൂർണമായി പുറത്തു വന്ന ഉമ്മൻ ചാണ്ടി പിന്നീട് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ അവസാന വാക്കായി. 2011 മുതൽ 2016 വരെ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി തിരഞ്ഞെടുക്കപ്പെട്ടു.
അഞ്ച് ദശാബ്ദം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തിനിടെ 12 വർഷം ഉമ്മൻ ചാണ്ടി മന്ത്രിപദം അലങ്കരിച്ചു. 1982 മുതൽ 1986 വരെയും 2001 മുതൽ 2004 വരെയും അദ്ദേഹം യുഡിഎഫ് കൺവീനറായി. 2017ൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പ്രസിഡന്റായി. തുടർന്ന് ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയായി.
കേരളം ദീർഘകാലം ചർച്ച ചെയ്ത പല വിവാദങ്ങളും ഉമ്മൻ ചാണ്ടിയെ കേന്ദ്രീകരിച്ച് ഉയർന്നുവന്നു. 1991ലെ പാമോയിൽ കേസിലും 2013ലെ സോളാർ കേസിലും ഉമ്മൻ ചാണ്ടി വിവാദപുരുഷനായി. പൊതുസേവനത്തിൽ അഴിമതിക്കെതിരെ സ്വീകരിച്ച നിലപാടുകൾ മാനിച്ച് 2013ൽ ഐക്യരാഷ്ട്ര സഭ അദ്ദേഹത്തിന് പുരസ്കാരം നൽകി. മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പർക്ക പരിപാടികൾ ജനകീയ നേതാവ് എന്ന ഉമ്മൻ ചാണ്ടിയുടെ പ്രതിച്ഛായക്ക് മാറ്റുകൂട്ടി.
തലമുറകളെ സ്വാധീനിച്ച, ജനകീയതയും ജനങ്ങളും ആഘോഷിച്ച ഒരു നേതാവ് കൂടി കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. കേരളത്തിലെ കോൺഗ്രസിന് ഒരു തീരാനഷ്ടം തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം എന്നത് സന്ദേഹമില്ലാത്ത വസ്തുത തന്നെയാണ്.
Discussion about this post