തിരുവനന്തപുരം : 2.50 കോടി രൂപ ലോക കേരളസഭയ്ക്ക് അനുവദിച്ച് നോർക്ക വകുപ്പ് ഉത്തരവ്. മേഖല സമ്മേളനങ്ങളുടെ പ്രചരണത്തിനും മറ്റുമായി ഇതിൽ നിന്നും 50 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. അമേരിക്കയിൽ നടന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളാണ് ഉയർന്നു വന്നിരുന്നത്. സമ്മേളനത്തിനായി പ്രാദേശിക സംഘാടക സമിതി നടത്തിയ പിരിവിനെ കുറിച്ചായിരുന്നു വിമർശനങ്ങൾ. ഇതിനിടെയാണ് 13 ാം തിയ്യതി നോർക്ക ഉത്തരവിറക്കിയത്.
അനുവദിച്ച 2.50 കോടിയിൽ നിന്നും 50 ലക്ഷം രൂപ വെബ്‌സൈറ്റ് പരിപാലനം, ഐ ടി അടിസ്ഥാന സൗകര്യം, മനുഷ്യശേഷി, ദൈനം ദിന ചെലവുകൾ എന്നിവയ്ക്കുളളതാണ്. മേഖലാ സമ്മേളനങ്ങളുടെ പ്രചരണം, ഡോക്യുമെന്റേഷൻ, പ്രിന്റിങ്, സ്റ്റേഷനറി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി 50 ലക്ഷം രൂപയും, ബാക്കി ഒന്നര കോടി ലോക കേരളസഭയിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ വിദഗ്ദ്ധരെ നിയമിക്കുന്നതിനുമാണ് നീക്കിവച്ചിരിക്കുന്നത്.
സെപ്തംബറിൽ ലോക കേരളസഭയുടെ അടുത്ത സമ്മേളനം സൗദിഅറേബ്യയിൽ വെച്ച് നടത്തും. കഴിഞ്ഞ മേഖലാ സമ്മേളനങ്ങളുടെ ചെലവുകൾ ഓഡിറ്റ് ചെയ്യാത്തതിനെ തുടർന്ന് നിരവധി ആക്ഷേപങ്ങൾ ഉയർന്നു വന്നിരുന്നു.
Discussion about this post