മുംബൈ: രാജ്യത്ത് ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഫോൺ സന്ദേശം. മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് ആണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്. മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ രാജ്യത്ത് ആക്രമണം നടത്തുമെന്നാണ് അജ്ഞാതന്റെ ഭീഷണി.
ഉത്തർപ്രദേശിലെ യോഗി സർക്കാരിനെയും കേന്ദ്രസർക്കാരിനെയും ലക്ഷ്യമിട്ടാണ് ആക്രമണം എന്ന് വിളിച്ചയാൾ പറഞ്ഞതായി പോലീസ് അറിയിച്ചു. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ഭീകരാക്രമണത്തിന് വേണ്ടി തോക്കുകളും തിരകളും സംഭരിച്ചതായും ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 509 (2) പ്രകാരം വോറിൽ പോലീസ് ആണ് കേസ് എടുത്തത്.
ഈ മാസം ഇത് രണ്ടാം തവണയാണ് മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ ആക്രമണമുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി പോലീസിന് സന്ദേശം ലഭിച്ചത്. അടുത്തിടെ പാകിസ്താനിൽ നിന്നും ഇന്ത്യയിൽ എത്തിയ സീമാ ഹൈദറെ മടക്കി അയക്കണം എന്നും അല്ലെങ്കിൽ ഭീകരാക്രമണം ഉണ്ടാകുമെന്നും ഭീഷണിപ്പെടുത്തി ഇക്കഴിഞ്ഞ 12 നും പോലീസിന് സന്ദേശം ലഭിച്ചിരുന്നു.
Discussion about this post