പാലക്കാട്: സ്വർണ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയ കേസിൽ അർജ്ജുൻ ആയങ്കി റിമാൻഡിൽ. ചിറ്റൂർ കോടതിയായിരുന്നു 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. മീനാക്ഷിപുരത്ത് വച്ച് സ്വർണ വ്യാപാരിയെ ആക്രമിച്ച് 75 പവൻ തട്ടിയ കേസിൽ കഴിഞ്ഞ ദിവസമായിരുന്നു പൂനെയിൽ നിന്നും അർജ്ജുൻ ആയങ്കി പിടിയിലായത്.
അറസ്റ്റിന് പിന്നാലെ അർജ്ജുൻ ആയങ്കിയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബുധനാഴ്ച ചിറ്റൂർ കോടതിയിൽ ഹാജരാക്കിയത്.
മാർച്ച് 26 നായിരുന്നു അർജ്ജുൻ ആയങ്കി വ്യാപാരിയെ ആക്രമിച്ച് സ്വർണം കവർന്നത്. തൃശ്ശൂരിൽ നിന്നും മധുരയിലെ ജ്വല്ലറിയിലേക്ക് സ്വർണാഭരണം കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. കേസിൽ നേരത്തെ തന്നെ പതിനൊന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡിവൈഎഫ്എ അഴിക്കോട് കപ്പക്കടവ് മുൻ യൂണീറ്റ് സെക്രട്ടറി ആയിരുന്നു അർജ്ജുൻ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുൻപും ഇയാൾക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കടത്തിക്കൊണ്ട് വരുന്ന സ്വർണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കൈക്കലാക്കുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ വർഷം കരിപ്പൂരിലെ ക്വട്ടേഷൻ കേസിൽ പിടിയിലായതോടെയാണ് അർജ്ജുൻ ആയങ്കിക്കെതിരായ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
Discussion about this post