കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്കാര ദിനത്തിനോടനുബന്ധിച്ച് മലയാള മനോരമ തങ്ങളുടെ പത്രഏജൻ്റുമാർക്ക് അയച്ചതായി സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വിവാദമാകുന്നു. അദ്ദേഹത്തിൻ്റെ നിര്യാണത്തോടനുബന്ധിച്ച വിൽപ്പന സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തണം എന്നുള്ള മലയാള മനോരമ സർക്കുലേഷൻ മാനേജരുടെ കത്താണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമാകുന്നത്.
“പ്രീയ സുഹൃത്തേ, രാഷ്ട്രീയ കേരളത്തിൻ്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടേ നിര്യാണ വിവരം അറിഞ്ഞിരിക്കുമല്ലോ. വാർത്താ പ്രാധാന്യവും അധിക വായനക്കാരേയും പരിഗണിച്ച് ഇന്നും (ബുധൻ) സംസ്കാര ദിനമായ നാളെയും ഏതാനും കോപ്പികൾ അധികമായി അയയ്ക്കുന്നു. വിൽപ്പന സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുമല്ലോ” എന്നാണ് മലയാള മനോരമ സർക്കുലേഷൻ ഡെപ്യൂട്ടി ജനറൽ മാനേജരുടേതായി പ്രചരിക്കുന്ന കത്തിൽ എഴുതിയിരിക്കുന്നത്. ഇതിൽ “വിൽപ്പന സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുമല്ലോ” എന്ന ഭാഗമാണ് വലിയ വിമർശനങ്ങൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്.
സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ കത്തിനെതിരേ അതിശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്. “ജീവിച്ചിരുന്ന കാലത്ത് ഉമ്മൻചാണ്ടിയെ നന്നായി മാർക്കറ്റ് ചെയ്ത പത്രമാണ് മലയാള മനോരമ. മരണശേഷവും പത്തു പുത്തനുണ്ടാക്കാൻ തന്നെ തീരുമാനം.വ്യാപാരമേ ഹനനമാം അച്ചായനുണ്ടോ…” എന്നാണ് രാഷ്ട്രീയ നിരീക്ഷകനും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അഡ്വക്കേറ്റ് ജയശങ്കർ കുറിച്ചിരിക്കുന്നത്.
മലയാള മനോരമയുടെ ബാലജനസഖ്യത്തിലൂടെ വളർന്ന് വന്ന ഉമ്മൻ ചാണ്ടി എന്ന നേതാവിനെ അദ്ദേഹത്തിൻ്റെ ജീവിതകാലം മുഴുവൻ വഴിവിട്ടും വിറ്റഴിച്ചത് മലയാള മനോരമയാണെന്നും അദ്ദേഹം അന്തരിച്ചപ്പോഴും അവർ അദ്ദേഹത്തെ വിറ്റ് കാശാക്കുന്നു എന്നുമാണ് പലരും പ്രതികരിക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് വേണ്ടിയാണ് ചാരക്കേസ് പോലും മനോരമ കെട്ടിച്ചമച്ചതെന്ന് അവർ അഭിപ്രായപ്പെടുന്നു.
ഈ കത്ത് യഥാർത്ഥത്തിൽ മലയാള മനോരമ തങ്ങളുടെ ഏജൻ്റുമാർക്ക് അയച്ചതാണോ എന്നതിന് വ്യക്തമായ തെളിവുകൾ ലഭ്യമല്ല എന്നും മുഴുവൻ വിവരങ്ങളും പുറത്ത് വരുന്നത് വരെ സംയമനം പാലിക്കണമെന്നാണ് മറുവിഭാഗം അഭിപ്രായപ്പെടുന്നത്. പ്രധാനപ്പെട്ട സാഹചര്യങ്ങളിൽ എല്ലാ പത്രങ്ങളുടേയും സർക്കുലേഷൻ വകുപ്പുകൾ ഇതുപോലെ കത്തുകൾ അയയ്ക്കാറുണ്ടെന്നും സങ്കുചിത മനസ്സോടെ കാണരുതെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
മലയാള മനോരമ ഈ വിഷയത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
Discussion about this post