തിരുവനന്തപുരം: ജനറൽ കോച്ച് യാത്രക്കാർക്കായി ജനപ്രിയ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാർക്ക് മിതമായ നിരക്കിൽ കുടിവെള്ളവും ഭക്ഷണം നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം റെയിൽവേ ബോർഡ് പുറത്തുവിട്ടു. ഭക്ഷണം നൽകുന്ന കൗണ്ടറുകൾ ജനറൽ കോച്ചുകൾക്ക് സമീപമുളള പ്ലാറ്റ്ഫോമുകളിൽ സ്ഥാപിക്കും.
തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിലിലും പാലക്കാട് ഡിവിഷനിൽ മംഗളൂരു ഡിവിഷനിലും കൗണ്ടറുകൾ ഉണ്ടാവും. പദ്ധതി വിജയകരമാണെങ്കിൽ ഘട്ടം ഘട്ടമായി എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും. സ്റ്റേഷനിൽ ജനറൽ കോച്ചുകൾ വരുന്ന ഭാഗത്താവും കൗണ്ടർ സ്ഥാപിക്കുക. നിലവിൽ 51 സ്റ്റേഷനുകളിൽ ഈ വ്യവസ്ഥ നടപ്പാക്കിയിട്ടുണ്ട്. വ്യാഴാഴ്ച മുതൽ ഇത് 13 സ്റ്റേഷനുകളിൽ കൂടി ലഭ്യമാകും. ഈ കൗണ്ടറുകളിൽ 200 മില്ലി ലിറ്ററിന്റെ കുടിവെള്ള ഗ്ലാസുകൾ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ പറഞ്ഞു.
ഭക്ഷണം രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഏഴ് പൂരികളും കിഴങ്ങുകറിയും അച്ചാറും ഉൾപ്പടെയുള്ള വിഭവങ്ങൾ 20 രൂപയ്ക്ക് ലഭിക്കും. രണ്ടാമത്തെ ഭക്ഷണ വിഭാഗത്തിന് 50 രൂപ വിലവരും, കൂടാതെ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളായ ചോറ്, രാജ്മ, ചോലെ, ഖിച്ചി കുൽച്ചെ, ഭാതുർ, പാവ്-ഭാജി, മസാല ദോശ എന്നീ ഭക്ഷ്യ വിഭവങ്ങളും ലഭിക്കും. ജനറൽ കോച്ചുകൾക്ക് സമീപത്തെ പ്ലാറ്റ്ഫോമിൽ സ്ഥാപിക്കുന്ന കൗണ്ടറുകൾ വഴി ഇക്കോണമി മീൽസും മിതമായ നിരക്കിൽ പാക്കേജ് ചെയ്ത കുടിവെള്ളവും ലഭ്യമാക്കാൻ റെയിൽവേ ബോർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post