തിരുവനന്തപുരം: പത്തനംതിട്ടയിൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ആശുപത്രിയിൽവച്ച് യുവാവ് മരിച്ചത് അധികൃതരുടെയും ജീവനക്കാരുടെയും അനാസ്ഥയെ തുടർന്നാണ്. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്തിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് മരണപ്പെട്ടത് അന്വേഷിക്കണം. തുകലശ്ശേരി മാടവന പറമ്പിൽ ബിജുവിനെ ഈ മാസം 16-ാം തിയതി മുതൽ ആശുപത്രിയിൽ നിന്ന് കാണാതാവുകയും മകനെ കാണുന്നില്ലെന്നുള്ള പരാതി മാതാവ് തിരുവല്ല പോലിസിൽ നൽകിയിരുന്നതുമാണ്. എന്നാൽ പൊലീസ് ക്യത്യമായി അന്വേഷിച്ചില്ല. തിരുവല്ല താലൂക്ക് ആശുപത്രിയുടെ ലിഫ്റ്റിനിടയിൽ ബിജുവിന്റെ മൃതദേഹം വിവസ്ത്രമായി കാണപ്പെട്ടത് ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗിയുടെ മരണം സംഭവിച്ചത് ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും അനാസ്ഥ മൂലമാണെന്ന് വ്യക്തമാണ്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഒരു സുരക്ഷയുമില്ലെന്ന് തുടർച്ചയായ ഇത്തരം സംഭവങ്ങളിൽ നിന്നും വ്യക്തമാവുകയാണ്. ആരോഗ്യമേഖലയിൽ നിരുത്തരവാദപരമായ പ്രവർത്തനമാണ് നടക്കുന്നത്. ബിജുവിന്റെ ദുരൂഹ മരണത്തെക്കുറിച്ച് നീതിയുക്തമായ അന്വേഷണം നടത്തിയില്ലെങ്കിൽ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post