കോഴിക്കോട്: തന്റെ കഥാപാത്രത്തിൽ എവിടെയോ എന്തൊക്കെയോ ഉണ്ടെന്ന് ജൂറിമാർക്ക് തോന്നിയതുകൊണ്ടാണ് പ്രത്യേക ജൂറി പരാമർശം ലഭിച്ചതെന്ന് നടൻ അലൻസിയർ. അപ്പൻ എന്ന ചിത്രത്തിലെ ഇട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അലൻസിയർ 2022 ലെ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക ജൂറി പരാമർശത്തിന് അർഹമായിരുന്നു.
എനിക്ക് ഒരു ആറ് വെടിയാണ് ഇനി കിട്ടാനിരിക്കുന്നത് ഞാൻ മരിക്കുമ്പോ. കഴിഞ്ഞ തവണ സഹനടനുളള പുരസ്‌കാരം ലഭിച്ചപ്പോൾ മൂന്ന് വെടി ഉറപ്പായിരുന്നു. ഔദ്യോഗികമായി ഇനി ഒരു മൂന്ന് വെടി കൂടി വെയ്ക്കും ഏത് കാക്കയാണ് മരിക്കുന്നതെന്ന് എനിക്ക് അറിയില്ല. പ്രത്യേക പരാമർശം ചില്ലറ പരാമർശമാണ് എന്ന് വിശ്വസിക്കുന്ന ഒരാളല്ല താൻ. ഒരു കലാകാരന് അംഗീകാരമെന്നത് സംസ്ഥാനം തരുന്ന ആദരമാണെന്നും അലൻസിയർ കൂട്ടിച്ചേർത്തു.
എന്നെ തിരിച്ചറിയുന്നതും മാദ്ധ്യമപ്രവർത്തകർ എന്റെ വീടിന് മുൻപിൽ ക്യാമറയുമായി വന്ന് നിൽക്കുന്നതും എനിക്ക് ലഭിക്കുന്ന ഒരു ആദരമായിട്ടാണ് തോന്നുന്നത്. അപ്പനിലെ ഇട്ടി എന്ന കഥാപാത്രം തന്റെ ഉളളിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ വലിയ ബുദ്ധിമുട്ട് തോന്നിയില്ല. ആ കഥാപാത്രത്തിന്റെ മികവ് സംവിധായകൻ മജുവിന്റെയും ഒപ്പം അഭിനയിച്ചവരുടെയും മിടുക്കാണ്. അവരില്ലെങ്കിൽ ഞാനില്ല. മജു അംഗീകരിക്കപ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അലൻസിയർ പറഞ്ഞു.
ഗൗതം ഘോഷിനോട് നന്ദിയുണ്ട്. സംവിധായകൻ എന്നതിലുപരി അദ്ദേഹം ഒരു നടൻ കൂടിയാണ്. ഒരു നടന്റെ വൈഷമ്യവും പ്രശ്‌നങ്ങളും കഥാപാത്രത്തിലേക്ക് കടന്നുളള യാത്രയുമൊക്കെ അദ്ദേഹത്തിന് മനസിലായിട്ടുണ്ടാകുമെന്നും അലൻസിയർ കൂട്ടിച്ചേർത്തു.
Discussion about this post