എല്ലാ വർഷവും ജൂലൈ 22 ന് ആഗോളതലത്തിൽ ലോക മസ്തിഷ്കദിനം ആചരിക്കുന്നു. 1957 ജൂലൈ 22 ന് വേൾഡ് ഫെഡറേഷൻ ഓഫ് ന്യൂറോളജി (WFN) സ്ഥാപിതമായതിന്റെ സ്മരണയിലാണ് ഈ ദിവസം ലോകമെമ്പാടും മസ്തിഷ്കദിനം ആയി ആചരിക്കുന്നത്. മസ്തിഷ്ക ആരോഗ്യത്തെക്കുറിച്ചും ന്യൂറോളജിക്കൽ അസുഖങ്ങളെക്കുറിച്ചുമുള്ള അവബോധം വളർത്തുന്നതിനായാണ് മസ്തിഷ്കദിനം ആചരിക്കുന്നത്.
നമ്മുടെ ചിന്തകളും ചലനങ്ങളും തുടങ്ങി എല്ലാ പ്രവൃത്തികളും മസ്തിഷ്കവുമായി ബന്ധപ്പെട്ടതാണ് നടക്കുന്നത്. അങ്ങനെ വിശ്രമമില്ലാതെ ജോലി ചെയ്യാൻ മസ്തിഷ്കത്തിന് വേണ്ട ഊർജ്ജം ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമാണ്. അതിനാൽ തന്നെ വേണ്ട പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നമ്മുടെ തലച്ചോറിന് നന്നായി പ്രവർത്തിക്കാൻ വേണ്ട ഊർജ്ജം നൽകുകയും അനാരോഗ്യകരമായ ഭക്ഷണം തലച്ചോറിന്റെ ഘടനയിലും പ്രവർത്തനങ്ങളിലും നാഡീസംബന്ധമായും മാറ്റങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിനും ഡിമെൻഷ്യ പോലുള്ള അസുഖങ്ങൾ തടയുന്നതിനും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് വലിയൊരു പങ്കുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങളും ഒഴിവാക്കേണ്ട ഭക്ഷണങ്ങളും ഏതൊക്കെയാണെന്ന് അറിയാം.
ഇലക്കറികൾ
ഇരുമ്പിന്റെയും ഫോളേറ്റിന്റെയും മികച്ച ഉറവിടമാണ് ഇലക്കറികൾ. ആഴ്ചയിൽ മൂന്നോ നാലോ ദിവസമെങ്കിലും ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
മഞ്ഞൾ
മഞ്ഞളിലെ സജീവ ഘടകമായ കുർക്കുമിൻ ഒരു ശക്തമായ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തവുമാണ്. കുർക്കുമിൻ സെറോടോണിൻ, ഡോപാമൈൻ എന്നിവ വർദ്ധിപ്പിക്കുന്നു. ഇവ രണ്ടും മാനസികാവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഘടകങ്ങളാണ്.
കൊഴുപ്പുള്ള മത്സ്യങ്ങൾ
ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഉറവിടമാണ് കൊഴുപ്പുള്ള മത്സ്യങ്ങൾ. മത്തി, ചൂര, സാൽമൺ, നത്തോലി എന്നിവയെല്ലാമാണ് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല മത്സ്യങ്ങൾ.
ഈ മത്സ്യ ഇനങ്ങൾ ആഴ്‌ചയിൽ രണ്ടുതവണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ ശരീരത്തിലെ DHA-യുടെ ആഗിരണത്തെ വർദ്ധിപ്പിക്കുന്നു.
ഓറഞ്ച്
ദിവസം ഒരു ഓറഞ്ച് എങ്കിലും കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ സി നൽകുന്നു. രക്തത്തിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി ഉള്ളത് ഏകാഗ്രത, ഓർമ , ശ്രദ്ധ, വേഗത്തിൽ തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയ്ക്ക് പുരോഗതി ഉണ്ടാക്കുന്നതാണ്. മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റ് കൂടിയാണ് വിറ്റാമിൻ സി .
മുട്ട
തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട നിരവധി പോഷകങ്ങളുടെ നല്ല ഉറവിടമാണ് മുട്ട . വിറ്റാമിനുകൾ ബി6, ബി12, ഫോളേറ്റ്, കോളിൻ എന്നിവയെല്ലാം മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
വാൽനട്ട്
എല്ലാത്തരം പരിപ്പ് വർഗ്ഗങ്ങളും തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെങ്കിലും വാൽനട്ട് ഇതിൽ ഏറെ പ്രാധാന്യമുള്ളതാണ്. ആൽഫ-ലിനോലെനിക് ആസിഡ് (ALA) എന്ന ഒമേഗ-3 ഫാറ്റി ആസിഡ് വാൽനട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ധമനികളുടെ ആരോഗ്യത്തിനും നല്ലതാണ്.
ഡാർക്ക് ചോക്ലേറ്റ്
ശക്തമായ ആന്റിഓക്‌സിഡന്റുകളും കഫീൻ പോലുള്ള പ്രകൃതിദത്ത ഉത്തേജകങ്ങളും ഉള്ള ഡാർക്ക് ചോക്ലേറ്റിന് ഓർമ്മയും ഏകാഗ്രതയും മാനസികാവസ്ഥയും മെച്ചപ്പെടുത്താൻ കഴിയും. ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകൾ പഠനത്തിനും ഓർമ്മശക്തിക്കും സഹായിക്കുന്നവയാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകൾ ബുദ്ധിശക്തി കുറയുന്നത് തടയുകയും ചെയ്യും.
ഓർമ്മശക്തിയും ശ്രദ്ധയും മെച്ചപ്പെടുത്താനായി നമ്മൾ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളും ഉണ്ട്. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ, മൈദ, ബേക്കറി വിഭവങ്ങൾ എന്നിവയുടെ ദീർഘകാല ഉപയോഗം വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ആവർത്തിച്ച് കൂടുകയും കുറയുകയും ചെയ്യുന്നതാണ് ഇതിന് കാരണം. പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് മറ്റൊരു പ്രധാന വില്ലൻ. വറുത്ത ഭക്ഷണങ്ങൾ, ഭക്ഷണശാലകളിൽ നിന്നുള്ള ഫാസ്റ്റ് ഫുഡുകൾ എന്നിവയിൽ പൂരിത കൊഴുപ്പ് കൂടുതലാണ്. ഈ ഭക്ഷണങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ മന്ദഗതിയിൽ ആക്കുകയും ഓർമ്മശക്തി കുറയ്ക്കുകയും ചെയ്യുന്നതാണ്.
Discussion about this post