കൊച്ചി: കോവിഡിന് ശേഷം തിയറ്ററിലേക്ക് കുടുംബപ്രേക്ഷകരെ തിരിച്ചെത്തിച്ച മാളികപ്പുറം സിനിമയെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ തഴഞ്ഞതിൽ വ്യാപക പ്രതിഷേധം. 2022 ൽ പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു മാളികപ്പുറം. ചിത്രത്തിൽ മാളികപ്പുറമായി അഭിനയിച്ച ദേവനന്ദ ഉൾപ്പെടെയുളളവരുടെ അഭിനയം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ചലച്ചിത്ര അവാർഡിൽ ബാലതാരവും ജനപ്രിയ ചിത്രവും ഉൾപ്പെടെയുളള വിഭാഗങ്ങളിൽ മാളികപ്പുറം പ്രതീക്ഷ പുലർത്തിയിരുന്നു. എന്നാൽ ചിത്രം പൂർണമായി തഴയപ്പെട്ടതോടെ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നു. ബാലതാരമായി അഭിനയിച്ച ദേവനന്ദയെ പിന്തുണച്ച് നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തി.
ശബരിമല അയ്യപ്പന്റെ ചരിത്രം കോർത്തിണക്കിയുളള കഥ പറയുന്ന സിനിമയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദനായിരുന്നു നായകൻ. അഭിലാഷ് പിളളയുടെ കാമ്പുളള തിരക്കഥയും അഭിനേതാക്കളുടെ മികച്ച പ്രകടനവും കൊണ്ട് ആദ്യ ദിനങ്ങളിൽ തന്നെ ചിത്രം പ്രേക്ഷകരുടെ മനം കവർന്നു.
ചില തിയറ്ററുകളിൽ 100 ദിവസങ്ങളിലധികം ചിത്രം പ്രദർശിപ്പിച്ചു. മലയാള സിനിമകളിൽ തിയറ്ററുകളിലെ സമീപകാല പ്രദർശന റെക്കോഡുകൾ തകർക്കുന്നതായിരുന്നു മാളികപ്പുറത്തിന് ലഭിച്ച പ്രതികരണം. ഇത്രയും ജനപ്രീതി നേടിയിട്ടും ചിത്രം അവാർഡ് നിർണയത്തിൽ പൂർണമായി തഴയപ്പെടുകയായിരുന്നുവെന്നാണ് സമൂഹമാദ്ധ്യമങ്ങളിലെ വിമർശനം.
Discussion about this post