കൊച്ചി: 53 ാമത് ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രിയതാരങ്ങൾക്ക് അവാർഡുകൾ കിട്ടിയ സന്തോഷത്തിലാണ് സിനിമ പ്രേമികൾ. എന്നിരുന്നാലും മാളികപ്പുറം എന്ന ചിത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ മനംകവർന്ന ദേവനന്ദയെ ബാലതാരത്തിനുള്ള അവാർഡിനായി പരിഗണിക്കാത്തതിന് അമർഷവും രേഖപ്പെടുത്തിയിരുന്നു.
എന്നാൽ മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയും മത്സരത്തിൽ തന്മയ്‌ക്കൊപ്പം അവസാന റൗണ്ട് വരെ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. അരക്ഷിതവും സംഘർഷഭരിതവുമായ ഗാർഹികാന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ ദൈന്യതയും നിസ്സഹായതയും ഹൃദയസ്പർശിയായി പ്രതിഫലിപ്പിച്ച പ്രകടന മികവിനാണ് ജൂറി തന്മയയെ മികച്ച ബാലനടിയായി തിരഞ്ഞെടുത്തതെന്നാണ് ജൂറി അംഗങ്ങൾ പറയുന്നത്.
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിനാണ് തന്മയക്ക് പുരസ്‌കാരം ലഭിച്ചത്. പ്രത്യേക പരാമർശം പോലും നൽകാതെ ദേവനന്ദയെ തഴഞ്ഞെങ്കിലും കൊച്ചുതാരത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി കഴിഞ്ഞു.
നടൻ ശരത് ദേവനന്ദയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ”എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ… എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും, മനസ്സുകൊണ്ടും, ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു മോളെ” എന്നാണ് ശരത് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അവാർഡ് കിട്ടിയില്ലെങ്കിലും ‘മാളികപ്പുറം’ സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീർച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവും എന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Discussion about this post