പാല: സഹകരണ മേഖലയിലെ അഴിമതിക്കെതിരെ ബിജെപി സംഘടിപ്പിക്കുന്ന സഹകരണ അദാലത്തിന് പാലായിൽ തുടക്കമായി. പാല ടൗൺ ഹാളിൽ നടന്ന അദാലത്ത് സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇടതു- വലത് മുന്നണികൾ സഹകരണ മേഖലയെ അഴിമതിക്കുള്ള മാർഗ്ഗമായി മാറ്റിയതായി അദേഹം പറഞ്ഞു.
ചെറുകിട സഹകാരികളെയെല്ലാം വഞ്ചിച്ച ഇക്കൂട്ടർ സഹകരണ രംഗത്തെ ഭീമന്മാരായ ഊരാളുങ്കൽ, റബ്കോ എന്നിവർക്ക് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുവാൻ അവസരമൊരുക്കി. സഹകരണ ബാങ്കുകളെ കള്ളപ്പണം മറയ്ക്കാനുള്ള ഇടമായി ഇവർ മാറ്റി. സഹകരണ മേഖലയിൽ ഏകീകൃത സോഫ്റ്റ് വെയർ കൊണ്ടുവരുവാനുള്ള കേന്ദ്ര നീക്കത്തിന് അനുകൂലമായി 26 സംസ്ഥാനങ്ങൾ ഒപ്പുവച്ചപ്പോൾ കേരളം ഇതിൽ നിന്നും പിന്മാറിയതിന് പിന്നിലും അഴിമതിയാണ് ലക്ഷ്യമിടുന്നത്. സുതാര്യത ഇല്ലാതെ സഹകരണ മേഖലയെ തകർത്ത് ജനങ്ങളെ വഴിയാധാരമാക്കിയതിൻ്റെ പരിപൂർണ്ണ ഉത്തരവാദിത്വം ഇടതു വലത് ഉന്നത നേതാക്കൾക്കാണ്. സഹകരണ ബാങ്കുകളിൽ നിന്നും പണം നഷ്ടപ്പെട്ടിട്ടുള്ളവരെല്ലാം സാധാരണക്കാരിൽ സാധാരണക്കാരാണെന്നും അവർക്ക് സംരക്ഷണം ഒരുക്കാൻ ബി ജെപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ അദാലത്തിൽ പരാതികളുടെ പ്രളയമാണ് ഉണ്ടായത്. ബാങ്കുകളിൽ നിന്ന് പണം നഷ്ടപ്പെട്ടവരും പണം തിരികെ ലഭിക്കാൻ കാലതാമസം നേരിടുന്നവരുമായവരുടെ മുന്നൂറോളം പരാതികളാണ് അദാലത്തിൽ ലഭിച്ചത്. ബിജെ പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ, സഹകരണ മേഖലയിലെ വിദഗ്ദ്ധന്മാർ, അഭിഭാഷകർ, ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ എന്നിവർ പരാതിക്കാരുടെ ആവലാതികൾ നേരിട്ട് കേട്ടു. അഭിഭാഷകരടക്കമുള്ള നിയമ, സഹകരണ വിദഗ്ദ്ധന്മാരുടെ എല്ലാവിധ സഹായങ്ങളും സൗജന്യമായി നൽകുമെന്ന് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ പരാതിക്കാരെ അറിയിച്ചു.
Discussion about this post