തിരുവനന്തപുരം: മണക്കാട് ഗവൺമെന്റ് ടിടിഐ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയെ സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി. ശസ്ത്രക്രിയയ്ക്ക് മുൻപ് മന്ത്രിയെ കാണണമെന്ന് കുട്ടി ആവശ്യപ്പെടുകയായിരുന്നു. മൂക്കിൽ ദശ വളർന്ന് ബുദ്ധിമുട്ടുകയായിരുന്ന ഇഷാനാണ് മന്ത്രിയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്. മണക്കാട് ജിൽജിത് ഭവനിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറായ ആർ. രമേശിന്റെയും അഭിജിൽകുമാരിയുടെയും മകനാണ് ഇഷാൻ.
മന്ത്രി നേരിട്ട് വീട്ടിലെത്തിയതോടെ,തന്റെ ആവശ്യങ്ങളും ഇഷാൻ നിരത്തി. അഞ്ചാം ക്ലാസിലും ഇപ്പോൾ പഠിക്കുന്ന സ്‌കൂളിൽ പോകണം. പക്ഷേ മിക്‌സഡാക്കണം. ഇപ്പോൾ അഞ്ചാം ക്ലാസുമുതൽ പെൺകുട്ടികൾക്കു മാത്രമാണ് പ്രവേശനം. സ്‌കൂൾ അധികൃതരും അദ്ധ്യാപക രക്ഷാകർതൃ സംഘടനയും തദ്ദേശഭരണ സ്ഥാപനവും ആവശ്യപ്പെടുന്ന മുറയ്ക്ക് ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു.
എങ്ങനെയാണ് തന്നെ അറിയുക എന്ന് മന്ത്രി ചോദിച്ചു. തിരഞ്ഞെടുപ്പ് സമയം മുതൽ അപ്പൂപ്പൻ പത്രം വായിക്കുമ്പോൾ പറഞ്ഞറിയുമെന്നായിരുന്നു ഇഷാന്റെ മറുപടി. ശസ്ത്രക്രിയക്ക് ശേഷം താൻ ഇഷാനെ കാണാൻ വീണ്ടും എത്തും എന്ന് വ്യക്തമാക്കിയാണ് മന്ത്രി മടങ്ങിയത്.
Discussion about this post