തിരുവനന്തപുരം : വിജിലൻസ് അന്വേഷണത്തിന് സമയ പരിധി നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്. മൂന്ന് മാസം മുതൽ 12 മാസം വരെയാണ് കേസ് അന്വേഷണത്തിനുളള സമയ പരിധി. ബുധനാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. വിജിലൻസിന്റെ മേൽനോട്ടത്തിലുളള പ്രാഥമിക അന്വേഷണം മുതൽ കേസെടുത്തുളള അന്വേഷണം വരെ നീണ്ടു പോകാതിരിക്കാനാണ് സർക്കാരിന്റെ നടപടി. ഡയറക്ടർ നൽകിയ ശുപാർശ അംഗീകരിച്ചാണ് ഉത്തരവിറക്കിയത്.
വിജിലൻസ് നടത്തുന്ന മിന്നൽ പരിശോധനയ്ക്കു ശേഷം ഉദ്യോഗസ്ഥൻ ശുപാർശകൾ ഒരു മാസത്തിനകം നൽകണം. രഹസ്യ അന്വേഷണങ്ങൾ വ്യക്തികളെ കുറിച്ചോ, സ്ഥാപനത്തെ കുറിച്ചോ, അഴിമതിയെ കുറിച്ചോ നടത്തുകയാണെങ്കിൽ ഒരു മാസത്തിനകം റിപ്പോർട്ട് നൽകണം. ഡയറക്ടർ അനുമതി നൽകുന്ന പ്രാഥമിക അന്വേഷണങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കണം. കൈക്കൂലി വാങ്ങുമ്പോൾ പിടികൂടിയാൽ ആറ് മാസത്തിനകം കുറ്റപത്രം നൽകണം എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ. കേസ് രജിസ്റ്റർ ചെയ്തുളള അന്വേഷണവും കോടതിയുടെ നിർദ്ദേശ പ്രകാരമുളള അന്വേഷണമെല്ലാം 12 മാസത്തിനകം പൂർത്തിയാക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
ഉദ്യോഗസ്ഥർ കൈകൂലി വാങ്ങുന്നത് കൈയോടെ പിടികൂടിയാൽ മാതൃവകുപ്പ് പിരിച്ചു വിടണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. കേസിൽ പിടികൂടിയാലും സസ്പെൻഡ് ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥൻ തിരികെ കയറുകയും, പെൻഷനായാലും കുറ്റപത്രം സമർപ്പിച്ച് വിചാരണ പൂർത്തിയാകാത്ത സാഹചര്യമുണ്ട്.ഈ അവസരത്തിലായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. സർക്കാർ ഉത്തരവിൽ കോടതി ഇടപെട്ട് നിർദ്ദേശമുണ്ടായാൽ സമയപരിധിയിൽ മാറ്റം ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും അന്വേഷണത്തിൽ സമയം നീട്ടികിട്ടണമെങ്കിൽ ഡയറക്ടറുടെ അനുമതി ആവശ്യമാണ്. അതേസമയം ലൈഫ് മിഷൻ, മുട്ടിൽ മരം മുറി എന്നീ സർക്കാർ പ്രതികൂട്ടിലായ കേസുകൾ വർഷങ്ങൾ പിന്നിട്ടിട്ടും അന്വേഷണം പൂർത്തിയാക്കിയിട്ടില്ല
Discussion about this post