ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്തെ മണിപ്പൂരിന്റെ ദുർഗതി അക്കമിട്ട് നിരത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മണിപ്പൂർ വിഷയത്തിൽ ഇപ്പോൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന കോൺഗ്രസ് മന്മോഹൻ സിംഗിന്റെ ഭരണകാലത്തെ കുറിച്ച് സംവാദത്തിന് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ അവരുടെ ഇരട്ടത്താപ്പ് പുറത്താകുമെന്നും അദ്ദേഹം പരിഹസിച്ചു.
യുപിഎ ഭരണകാലത്ത് മണിപ്പൂർ രാജ്യത്തിന്റെ ഉപരോധ തലസ്ഥാനമായിരുന്നു. 2010 മുതൽ 2017 വരെ സംസ്ഥാനത്ത് കോൺഗ്രസ് ഭരണമായിരുന്നു. അക്കാലത്ത് എല്ലാ വർഷവും 30 മുതൽ 139 ദിവസം വരെ തുടർച്ചയായ ഉപരോധങ്ങൾ നിലനിന്നിരുന്നുവെന്ന് ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി.
പെട്രോളിന് 240 രൂപയും പാചക വാതകത്തിന് 1,900 രൂപ വരെയും ഈ ഉപരോധ കാലങ്ങളിൽ വില ഉയർന്നു. ജനജീവിതം അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായി. 2011ൽ തുടർച്ചയായ 120 ദിവസം ഉപരോധം നീണ്ടു നിന്നുവെന്നും പത്രവാർത്തകളെ ഉദ്ധരിച്ച് ശർമ്മ വ്യക്തമാക്കി.
2011ൽ തുടർച്ചയായ 123 ദിവസം മണിപ്പൂർ നിന്ന് കത്തി. അക്കാലത്ത് പ്രധാനമന്ത്രി മന്മോഹൻ സിംഗോ യിപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയോ വാ തുറന്ന് ഒരക്ഷരം സംസാരിക്കാൻ തയ്യാറായില്ല. അക്കാലത്തെ പ്രധാനമന്ത്രിയുടെ മൗനത്തെ കുറിച്ച് മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ രാഹുൽ പണ്ഡിത എഴുതിയ ലേഖനങ്ങളും അസം മുഖ്യമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു.
2004 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ കേന്ദ്രത്തിലും സംസ്ഥാനത്തും കോൺഗ്രസ് ഭരണമായിരുന്നു. അക്കാലത്ത് മണിപ്പൂരിൽ 911 കൊലപാതകങ്ങൾ നടന്നു. അസംഖ്യം ബലാത്സംഗങ്ങളും അരങ്ങേറി. എന്നാൽ 2014ന് ശേഷം മണിപ്പൂരിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെന്നും ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
ഏറ്റവും കൂടുതൽ കാലം മണിപ്പൂരും കേന്ദ്രവും ഭരിച്ച കോൺഗ്രസ് സർക്കാരുകൾക്ക് സംസ്ഥാനത്തെ ഗോത്രവർഗ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ല. ഏഴ് ദശാബ്ദങ്ങളുടെ ദുർഭരണത്തിന്റെ കളങ്കമാണ് ഇപ്പോൾ ബിജെപി കഴുകിക്കളയാൻ ശ്രമിക്കുന്നത്. മണിപ്പൂരിന്റെ സാമൂഹിക ചുറ്റുപാടുകളിൽ 2014ന് ശേഷം ഉണ്ടായ പുരോഗതിയെ കുറിച്ച് വസ്തുതകൾ നിരത്തി ആരുമായും പരസ്യ സംവാദത്തിന് തയ്യാറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ മണിപ്പൂർ പ്രശ്നം പരിഹരിക്കപ്പെടുക തന്നെ ചെയ്യുമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.
Discussion about this post