നോയിഡ: പബ്ജി ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോം വഴിയുള്ള പ്രണയത്തിലൂടെ ഇന്ത്യൻ പൗരനായ യുവാവിനെ വിവാഹം ചെയ്ത സീമ ഹൈദർ രാഷ്ട്രപതിയെ സമീപിച്ചു. തന്നെയും നാല് കുട്ടികളെയും ഗ്രേറ്റർ നോയിഡയിലെ സച്ചിൻ മീണയുടെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് രാഷ്ട്രപതിയെ സമീപിച്ചത്. ഇത് സംബന്ധിച്ച ദയാഹർജി അവർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് നൽകി.
സുപ്രിംകോടതി അഭിഭാഷകൻ എപി സിംഗ് സമർപ്പിച്ച ഹർജി വെള്ളിയാഴ്ച രാഷ്ട്രപതി സെക്രട്ടേറിയറ്റിൽ സ്വീകരിച്ചു. തന്റെ കേസിൽ രാഷ്ട്രപതിയിൽ നിന്ന് വാക്കാലുള്ള വാദം കേൾക്കണമെന്നും സീമ ഹൈദർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഗ്രേറ്റർ നോയിഡയിൽ താമസിക്കുന്ന സച്ചിൻ മീണയുമായി (22) പ്രണയത്തിലാണെന്നും അയാളോടൊപ്പം താമസിക്കാനാണ് തന്റെ നാല് കുട്ടികളുമായി താൻ ഇന്ത്യയിലെത്തിയതെന്നും സീമ ഹൈദർ (30) ഹർജിയിൽ പറയുന്നു. നേപ്പാളിലെ കാഠ്മണ്ഡുവിലുള്ള പശുപതിനാഥ് ക്ഷേത്രത്തിൽ വച്ച് താൻ ഹിന്ദുമതം സ്വീകരിച്ചതായും ഹിന്ദു ആചാരപ്രകാരം സച്ചിനെ വിവാഹം കഴിച്ചതായും അവർ ഹർജിയിൽ അവകാശപ്പെടുന്നുണ്ട്.
നിങ്ങൾ ദയ കാണിച്ചാൽ, ഹർജിക്കാരി തന്റെ ഭർത്താവിനും പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾക്കും വിവാഹ ബന്ധുവിനുമൊപ്പം തന്റെ ജീവിതകാലം മുഴുവൻ ചെലവഴിക്കും. ഹർജിക്കാരന് ഒടുവിൽ ഇന്ത്യയിൽ അന്തസ്സോടെ ജീവിക്കാൻ കഴിയുമെന്ന് ദയാഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം സീമ ഹൈദറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് അയവില്ല. കൈവശമുള്ള അഞ്ച് പാസ്‌പോർട്ടുകളും പാകിസ്താൻ ഐഡി കാർഡും സംശയം ജനിപ്പിക്കുന്നുണ്ട്. സീമയ്ക്ക് പാകിസ്താൻ ചാരസംഘടനയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോയെന്നാണ് അന്വേഷണം. വിദ്യാഭ്യാസം നന്നേ കുറഞ്ഞ ഇവരുടെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള പ്രാവീണ്യവും ചുറുചുറുക്കോടെയുള്ള ഉത്തരങ്ങളുമാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്. പാകിസ്താനിൽ നിന്ന് നോപ്പാൾ വഴി ഇന്ത്യയിലേക്ക് കടക്കാൻ ആര് സഹായിച്ചുവെന്നും ചോദ്യങ്ങളുണ്ട്. ഇവരുടെ സഹോദരനും അമ്മാവനും പാകിസ്താൻ സൈനികരാണെന്നും പല സംശയങ്ങൾക്കും കാരണമാകുന്നുണ്ട്. സച്ചിന് മുൻപ് പല ഇന്ത്യക്കാരുമായി സൗഹൃദം സൂക്ഷിച്ചതും, ഇന്ത്യൻ സൈനികരെ തിരഞ്ഞുപിടിച്ച് ഫ്രണ്ട് റിക്വസ്റ്റ് അയച്ചതും വലിയ ചോദ്യങ്ങൾക്ക് കാരണമാകുന്നുണ്ട്. അതിനിടയിലാണ് ഈ ദയാഹർജി.
Discussion about this post