കൊച്ചി : തീണ്ടികളിലെ എസി കോച്ചുകളിൽ വ്യാപക മോഷണം നടക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സ്വർണമോ വിലപിടിപ്പുള്ള വസ്തുക്കളോ അല്ല, പുതപ്പും തലയിണയുമാണ് ഇവിടെ നിന്ന് മോഷണം പോകുന്നത്. അഞ്ച് ട്രെയിനുകളിൽ നിന്നായി 90 പുതപ്പുകളും 30 തലയിണകളും മോഷണം പോയതായാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മഴക്കാലത്താലത്താണ് കൂടുതൽ മോഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മംഗളൂരു – ചെന്നൈ മെയിൽ, മംഗളൂരു – ചെന്നൈ സൂപ്പർഫാസ്റ്റ്, മംഗളൂരു – ചെന്നൈ വെസ്റ്റ് കോസ്റ്റ്, മലബാർ, മാവേലി എന്നീ ട്രെയിനുകളിൽ നിന്നാണ് പുതപ്പും തലയിണയും വ്യാപകമായി നഷ്ടമാകുന്നത്. ഈ സാഹചര്യത്തിൽ പല ട്രെയിനുകളിൽ ത്രീ ടയർ എസി കോച്ചിൽ മാത്രമേ ടവ്വൽ പോലും നൽകുന്നുള്ളൂ.
മലബാർ എക്‌സ്പ്രസ്, മാവേലി എക്‌സ്പ്രസ് എന്നിവയിൽ നിന്ന് മുപ്പതോളം പുതപ്പുകൾ നഷ്ടപ്പെട്ടു. ചെന്നൈ വെസ്റ്റ് കോസ്റ്റ്, ചെന്നൈ സൂപ്പർഫാസ്റ്റ്, ചെന്നൈ മെയിൽ വണ്ടികളിൽ ഒരുമാസത്തിനിടെ 62 പുതപ്പും 30 തലയിണയും നഷ്ടമായെന്നും റിപ്പോർട്ടുണ്ട്. തണുപ്പ് കൂടിയതിനാൽ പുതപ്പുകൾ ഉപയോഗിക്കുന്നയാളുകൾ ട്രെയിനിൽ നിന്ന് ഇറങ്ങുമ്പോൾ അവ എടുത്തുകൊണ്ട് പോകുകയാണെന്നാണ് റിപ്പോർട്ട്. എന്നാൽ തലയിണകൾ നഷ്ടപ്പെടുന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
ഉപയോഗിച്ച പുതപ്പുകൾ ഓരോ ദിവസവും കഴുകിയ ശേഷമാണ് യാത്രക്കാർക്ക് നൽകുന്നത്. മംഗളൂരു, എറണാകുളം, കൊച്ചുവേളി എന്നിവിടങ്ങളിൽ ഇത് കഴുകി ഉണക്കുന്ന കേന്ദ്രങ്ങളുണ്ട്. ഏജൻസികളാണ് ഇതിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്.
Discussion about this post