ന്യൂഡൽഹി: കാർഗിൽ വിജയ ദിവസത്തിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീരസൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ധീര ജവാന്മാർക്ക് തന്റെ ഹൃദയത്തിൽ നിന്ന് ആദരമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”ഇത് ഇന്ത്യയുടെ വിജയദിവസമാണ്. ഇന്ത്യയിലെ ധീരസൈനികരുടെ വീരഗാഥയാണ് ഈ ദിവസം നമ്മെ ഓർമ്മിപ്പിക്കുന്നത്. ഇത് രാജ്യത്തെ ജനങ്ങൾക്ക് എന്നും പ്രചോദനമാണ്. ഈ ദിനത്തിൽ എന്റെ ഹൃദയത്തിൽ നിന്നും ഞാൻ അവരെ വണങ്ങുന്നു. ഇന്ത്യ നീണാൾ വാഴട്ടെ” മോദി കുറിച്ചു.
ഇന്ത്യൻ മണ്ണ് പിടിച്ചടക്കാനെത്തിയ പാക് സൈന്യത്തിന് മേൽ ഇന്ത്യൻ സൈന്യം വിജയം കൈവരിച്ച ദിനമാണ് കാർഗിൽ വിജയ് ദിവസ്. പാക് സൈന്യത്തെ തുരത്തിയോടിച്ചുകൊണ്ട് രാജ്യം നേടിയ വിജയത്തിന് ഇന്ന് 24 വയസ് തികയുകയാണ്. കാർഗിൽ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട രാജ്യത്തിന്റെ ധീരയോദ്ധാക്കളെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് ജൂലൈ 26 കാർഗിൽ വിജയ് ദിവസ് ആയി ആചരിക്കുന്നത്.
1999 മെയ് എട്ട് മുതൽ ജുലൈ 26 വരെ ജമ്മുകശ്മീരിലെ കാർഗിലിൽ ആണ് യുദ്ധം നടന്നത്. കര, നാവിക, വ്യോമസേനകൾ യുദ്ധത്തിൽ പങ്കാളികളായി. ഇന്ത്യൻ മണ്ണ് തട്ടിയെടുക്കാൻ വന്ന പാകിസ്താൻ സൈന്യം ഇന്ത്യയുടെ കരുത്തറിഞ്ഞതോടെ ലജ്ജിച്ച് പിന്മാറുകയായിരുന്നു.
Discussion about this post