ബംഗളൂരു: ബുർഖ ധരിക്കാത്ത മുസ്ലീം സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് യാത്രാ വിലക്കുമായി ബസ് ഡ്രൈവർ. കർണാടകയിലെ കൽബർഗിയിലാണ് സംഭവം. സർക്കാർ ഉടമസ്ഥതയിലുള്ള കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെകെആർടിസി) ബസിലെ ഡ്രൈവർ ആണ് വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തിയത്. ബസവകല്യൺ-കലബുറഗി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് പ്രശ്‌നമുണ്ടാക്കിയത്. ഇന്നലെ വൈകുന്നേരം കമലാപൂർ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
ഡ്രൈവർ തന്റെ പേര് ചോദിച്ചതായി വിദ്യാർത്ഥികളിലൊരാൾ പറഞ്ഞു. അവൾ മറുപടി പറയാതെ വന്നപ്പോൾ ‘നീ മുസ്ലീമാണെങ്കിൽ ആദ്യം ബുർഖ ധരിക്കൂ, എന്നിട്ട് സംസാരിക്കൂ എന്ന് ഡ്രൈവർ ആക്രോശിച്ചു. ബസിൽ കയറാൻ ശ്രമിച്ചപ്പോൾ ഇയാൾ അവരെ ഓടിച്ചുവിടുകയായിരുന്നു. ബസിൽ കയറാൻ കാത്തുനിന്ന കുട്ടികളുടെ പേരും ജാതിയും ചോദിച്ച ശേഷം മുസ്ലിം വിദ്യാർഥികളെ മാറ്റി നിർത്തി അവരോട് ബുർഖ ധരിക്കാൻ ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
എല്ലാ മുസ്ലീം വിദ്യാർത്ഥികളും ബുർഖ ധരിക്കണമെന്നും അല്ലാത്തപക്ഷം യാത്ര അനുവദിക്കില്ലെന്നുമായിരുന്നു ഡ്രൈവറുടെ വാദം. ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികൾക്കും വിലക്കുണ്ടായിരുന്നു. ബുർഖയാണ് മതവിശ്വാസപ്രകാരം സ്ത്രീകൾ ധരിക്കേണ്ടതെന്നും ഡ്രൈവർ പറഞ്ഞു.
Discussion about this post