കണ്ണൂർ: ജോലി തട്ടിപ്പിന്റെ പുതിയ രൂപവുമായി തട്ടിപ്പ് സംഘം സജീവം. വിവിധ ഭാഷാ തൊഴിലാളിയ്ക്ക് അരലക്ഷം രൂപ നഷ്ടപ്പെട്ടു. കുട്ടികളില്ലാത്ത യുവതികളെ ഗർഭിണികളാക്കുക എന്ന ജോലി വാഗ്ദാനം ചെയ്താണ് യുവാവിന്റെ പണം തട്ടിയത്.
ഗർഭധാരണം നടക്കാത്ത സ്ത്രീകളെ ചികിത്സിക്കുന്ന ക്ലിനിക്കിന്റെ പേരിലാണ് തട്ടിപ്പു നടത്തിയത്. കുട്ടികളില്ലാത്തവരായ യുവതികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് അവരെ ഗർഭിണികളാക്കുകയാണ് ജോലിയെന്നതായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് അപേക്ഷ ഫീസായി ചോദിച്ച പണം യുവാവ് അയച്ചുകൊടുക്കുകയായിരുന്നു. മാഹി ദേശീയപാതയ്ക്കു സമീപത്തെ ലോഡ്ജിൽ താമസിച്ചു ജോലി ചെയ്തുവരികയായിരുന്ന സാജൻ ബട്ടാരിക്കാ(34)ണ് പണം നഷ്ടപ്പെട്ടത്.
ഓൺലൈനായി ഒരാൾ ജോലി വാഗ്ദാനം ചെയ്യുകയും ഒരു യുവതിയെ ഗർഭിണിയാക്കിയതിന് കമ്പിനിക്ക് ലഭിച്ച ഇരുപത്തിയഞ്ചുലക്ഷത്തിൽ നിന്നും അഞ്ചുലക്ഷം രൂപ തന്റെ അക്കൗണ്ടിലേക്ക്അയച്ചുതന്നതായും അവകാശപ്പെട്ടു. പണം ലഭിച്ചതിന്റെ സ്‌ക്രീൻഷോട്ടും കാണിച്ചതോടെ വിശ്വസിച്ചു. പിന്നാലെയാണ് അപേക്ഷാ ഫീസ് അടച്ചത്.
എന്നാൽ ജോലി ലഭിക്കാത്തതിനെ തുടർന്ന് താൻ കബളിക്കപ്പെട്ടതായി മനസിലാക്കുകയും താമസിക്കുന്ന ലോഡ്ജ് ഉടമയോട് ഈക്കാര്യം പറയുകയുമായിരുന്നു. ഇയാളുടെ സഹായത്തോടെയാണ് ന്യൂമാഹി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
Discussion about this post