എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ. പ്രതി അഫ്‌സാഖിനെ തെളിവെടുപ്പിനായി ആലുവ മാർക്കറ്റ് പരിസരത്ത് എത്തിച്ചപ്പോഴായിരുന്നു നാട്ടുകാർ രോഷാകുലരായത്. അഫ്‌സാഖിനെ കയ്യേറ്റം ചെയ്യാനുള്ള ശ്രമവും ഉണ്ടായി.
ബിഹാർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്‌നിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മൃതദേഹം ഉച്ചയോടെ ആലുവ മാർക്കറ്റ് പരിസരത്ത് നിന്നും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു തെളിവെടുപ്പിനായി കസ്റ്റഡിയിൽ ഉള്ള അഫ്‌സാഖിനെ പോലീസ് എത്തിച്ചത്. എന്നാൽ വാഹനം എത്തിയതോടെ നാട്ടുകാർ വാഹനം വളഞ്ഞു. പ്രതികളെ പുറത്തേക്ക് ഇറക്കണമെന്നായിരുന്നു നാട്ടുകാർ പോലീസിനോട് ആവശ്യപ്പെട്ടത്. ഇതോടെ തെളിവെടുപ്പ് നടത്താതെ പോലീസ് മടങ്ങുകയായിരുന്നു.
സംഭവത്തിൽ അഫ്‌സാഖിനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. അഫ്‌സാഖ് ഒറ്റയ്ക്കല്ല കൃത്യം ചെയ്തത് എന്നാണ് പോലീസിന്റെ നിഗമനം. ദൃക്‌സാക്ഷി മൊഴികളും ഇത് സാധൂകരിക്കുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post