വാഷിംഗ്ടൺ: 2024 ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് എതിരാളികളായി മൂന്ന് ഇന്ത്യൻ വംശജരായ നേതാക്കൾ. 2024 ലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിനായുള്ള മത്സരത്തിലാണ് മൂന്ന് ഇന്ത്യൻ വംശജർ മത്സരരംഗത്തുള്ളത്. വിവേക് രംഗസ്വാമി, നിക്കി ഹേലി, ഹർഷ് വർധൻ സിംഗ് എന്നിവരാണ് ട്രംപിനെതിരെ മത്സരിക്കുന്നത്.
തങ്ങളുടെ പാർട്ടിയുടെ അടുത്ത പ്രസിഡന്റ് നോമിനിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനായി റിപ്പബ്ലിക്കൻ നേതാക്കൾ 2024 ജൂലൈ 15 മുതൽ 18 വരെ വിസ്‌കോൺസിനിലെ മിൽവാക്കിയിൽ യോഗം ചേരും.സൗത്ത് കരോലിന മുൻ ഗവർണറും ട്രംപിന്റെ യുഎന്നിലെ ആദ്യ അംബാസഡറുമായ നിക്കി ഹേലി മാത്രമാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രൈമറി മത്സരത്തിലെ ഏക വനിത.
കേരളത്തിൽ വേരുകളുള്ള ടെക് സംരംഭകനായ വിവേക് രാമസ്വാമി ഫെബ്രുവരിയിലാണ് യുഎസ് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി മത്സരത്തിലെത്തിച്ചത്.റോയിട്ടേഴ്സ്-ഇപ്സോസ് സർവേ പ്രകാരം റിപ്പബ്ലിക്കൻ പാർട്ടിയിലെ 9% നേതാക്കളുടെ പിന്തുണ രാമസ്വാമിക്കുണ്ട്. പാലക്കാട്ടുകാരാണ് വിവേകിന്റെ കുടുംബക്കാർ. പാലക്കാട് വടക്കഞ്ചേരി ബാലവിഹാറിൽ സി.ആർ.ഗണപതി അയ്യരുടെ മകനായ വി.ജി.രാമസ്വാമിയാണു വിവേകിന്റെ അച്ഛൻ. തൃപ്പൂണിത്തുറ സ്വദേശിയാണ് അമ്മ ഗീത രാമസ്വാമി. ഇരുവരും ഒന്നരമാസം മുൻപു പാലക്കാട് എത്തിയിരുന്നു. ഇന്ത്യൻ വംശജയായ ഡോ.അപൂർവ തിവാരിയാണു വിവേകിന്റെ ഭാര്യ. സഹോദരൻ ശങ്കർ രാമസ്വാമിക്കും യുഎസിൽ ബിസിനസാണ്.
2017 മുതൽ ന്യൂജേഴ്സിയിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ യാഥാസ്ഥിതിക വിഭാഗത്തെ പുനരുജ്ജീവിപ്പിക്കുന്നയാളാണ് ഹർഷ് വർധൻ സിംഗ്. തന്റെ സ്ഥാനാർത്ഥി പ്രഖ്യാപന വേളയിൽ, കൊവിഡ് വാക്‌സിനേഷനുകൾ സ്വീകരിക്കാത്ത ഏക സ്ഥാനാർത്ഥി എന്ന് പ്രത്യേകം എടുത്തു പറഞ്ഞത് ഏറെ ചർച്ചയായിരുന്നു.കോവിഡ് വാക്‌സിനേഷനുകൾക്ക് ഞാൻ ഒരിക്കലും വഴങ്ങിയിട്ടില്ലാത്തതിനാൽ, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഏക ‘ശുദ്ധരക്ത’ സ്ഥാനാർത്ഥി ഞാനാണ്. എന്നായിരുന്നു ഹർഷ് വർധന്റെ പ്രതികരണം.
Discussion about this post