പത്തനംതിട്ട: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിൽ മനംനൊന്ത് നഴ്‌സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. കോന്നി എലിയറയ്ക്കൽ അനന്തു ഭവനിൽ ഹരിയുടേയും രാജലക്ഷ്മിയുടെയും മകൾ അതുല്യ (20) ആണ് മരിച്ചത്.
തുടർപഠനത്തിനുള്ള വായ്പ ഏറെ ശ്രമിച്ചിട്ടും കിട്ടാതായതോടെ കുറച്ചുകാലമായി മാനസിക സംഘർഷത്തിലായിരുന്നു പെൺകുട്ടി. ശനിയാഴ്ച ഉച്ചയ്ക്കുശേഷം രണ്ടു മണിയോടെയാണ് അതുല്യയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് സഹോദരങ്ങൾ എത്തി ഷാൾ അറുത്തിട്ട് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഒൻപതരയോടെ മരണം സംഭവിക്കുകയായിരുന്നു.
മുൻപ് 2022ൽ ബംഗളുരു ദേവാമൃത ട്രസ്റ്റിന്റെ നഴ്സിങ്ങിന് കർണാടക കോളേജിൽ പ്രവേശനം നേടിയിരുന്നു. ഇതിനിടെ ട്രസ്റ്റിന്റെ അധികാരികളെ വായ്പാ തട്ടിപ്പിന് കർണ്ണാടക പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഇതോടെ അതുല്യ ഉൾപ്പെടെ നിരവധി കുട്ടികൾക്ക് ഫീസ് അടക്കാൻ പറ്റാതെ പഠനം മുടങ്ങുകയും അതുല്യ പിന്നീട് നേരിട്ട് കോളേജിൽ പതിനായിരം രൂപ അടച്ച് അഡ്മിഷൻ നേടുകയും ചെയ്തു.
പിന്നീട് നാട്ടിൽ തിരികെ എത്തി വിദ്യാഭ്യാസ വായ്പകൾക്കായി കോന്നിയിലെ നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും ബാങ്ക് അധികാരികൾ വായ്പ നൽകാൻ തയ്യാറായില്ല. സിബിൽ സ്‌കോറിന്റെ പ്രശ്നം കൊണ്ടാണ് വായ്പ ലഭിക്കാതിരുന്നതെന്നാണ് അച്ഛൻ ഹരി വ്യക്തമാക്കുന്നത്.
Discussion about this post