കൊച്ചി: അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് പുഴയോരത്ത് തള്ളിയ കേസിൽ പ്രതി അസ്ഫാഖ് ആലത്തിന് സഹായികൾ ആരും ഇല്ലെന്ന അനുമാനത്തിൽ പോലീസ്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തുമ്പോൾ പ്രതി മദ്യപിച്ചിരുന്നില്ല.പീഡനത്തിനിടെ കുഞ്ഞ് നിലവിളിച്ചപ്പോഴാണ് കൊലപ്പെടുത്തിയത്. കരച്ചിൽ നിർത്തിക്കാനായി വായ മൂടിപിടിച്ചതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. തുടർന്ന് കുട്ടി ധരിച്ചിരുന്ന വസ്ത്രം ഈരി കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കുകയായിരുന്നു.
കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം താമസിക്കുന്ന തായിക്കാട്ടുകരയിലെ കെട്ടിടത്തിൽ പ്രതി സംഭവദിവസത്തിന് രണ്ട് ദിവസം മുൻപാണ് വന്നതെങ്കിലും ആലുവയിൽ എത്തിയിട്ട് ഏഴ് മാസമായി. കേരളത്തിൽ കഴിഞ്ഞ 3 വർഷമായി അസ്ഫാഖ് ഉണ്ട്. ആലുവ മാർക്കറ്റിൽ പതിവായി എത്തുന്ന പ്രതിയ്ക്ക് പ്രദേശം സുപരിചിതമാണ്. കൊലപാതകം നടത്തിയ ഇടത്തെ സന്ദർശകനാണ് അസ്ഫാഖ്. അധികമാരും എത്താത്ത ഈ പ്രദേശം കൊലപാതകത്തിനായി തിരഞ്ഞെടുത്തതും ബോധപൂർവ്വമാണ്.
മലയാളം അത്യാവശ്യം സംസാരിക്കും. നിർമാണത്തൊഴിലാളിയാണെന്നു പറയുന്നുണ്ടെങ്കിലും പണിക്കു പോകുന്നതായി ആർക്കും അറിവില്ല.കടകളിലും മറ്റും ജോലി ചെയ്യുന്ന ബിഹാർ സ്വദേശികളുമായി ചങ്ങാത്തമായ ശേഷം അവരുടെ താമസസ്ഥലത്തെത്തി അവിടെ സൂക്ഷിച്ചിരിക്കുന്ന പണം മോഷ്ടിച്ച് ജീവിക്കുകയാണ് പതിവ്.
അതേസമയം പ്രതിയെ ചോദ്യം ചെയ്യാനൊരുങ്ങിയിരിക്കുകയാണ് പോലീസ്. പ്രതിയെ ഏഴുദിവസം കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പോലീസ് ഇന്ന് കൊച്ചിയിലെ പോക്‌സോ കോടതിയിൽ പ്രത്യേക അപേക്ഷ നൽകും. കൃത്യത്തിൽ പ്രതിയുടെ കൃത്യമായ പങ്കാളിത്തമെന്ത് എന്നതും തെളിവുകൾ ശേഖരിക്കലുമാണ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങുന്നതിലൂടെ പോലീസ് ലക്ഷ്യമിടുന്നത്.
Discussion about this post