ബെയ്രൂട്ട്: ലെബനനിലെ സിഡോണിൽ സ്ഥിതി ചെയ്യുന്ന പലസ്തീൻ അഭയാർത്ഥി ക്യാമ്പിൽ ഇരു വിഭാഗം അഭയാർത്ഥികൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 6 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായി ലെബനീസ് അധികൃതരെ ഉദ്ധരിച്ച് ‘ദ് ഗാർഡിയൻ‘ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. 1948ൽ സ്ഥാപിതമായ സിഡോണിലെ അഭയാർത്ഥി ക്യാമ്പിൽ ഏകദേശം 55,000 പലസ്തീനികൾ താമസിക്കുന്നുണ്ട് എന്നാണ് വിവരം.
ഇസ്ലാമിസ്റ്റ് സഖ്യത്തിലെ ഭീകരൻ മഹ്മൂദ് ഖലീലിനെ കൊലപ്പെടുത്താൻ അജ്ഞാതനായ തോക്കുധാരി ശ്രമം നടത്തിയതായി ഒരു വിഭാഗം ആരോപിക്കുന്നു. മഹ്മൂദ് ഖലീലിനെ തിരഞ്ഞെത്തിയ അജ്ഞാതൻ അയാളുടെ അടുത്ത അനുയായിയെ കൊലപ്പെടുത്തിയതാണ് സംഘർഷങ്ങൾക്ക് കാരണമെന്നാണ് ഇവർ പറയുന്നത്. തുടർന്ന് ഇസ്ലാമിസ്റ്റ് സഖ്യത്തിലെ ഭീകരർ ഫത്ത വിഭാഗത്തിൽ പെട്ട പലസ്തീൻ സൈനിക ജനറലിനെയും മൂന്ന് അംഗരക്ഷകരെയും വെടിവെച്ച് കൊല്ലുകയായിരുന്നു.
ഇതിനെ തുടർന്ന് സംഘടിതരായ ഇരു വിഭാഗവും റൈഫിളുകളും ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിച്ച് ആക്രമണം ആരംഭിച്ചു. ഏറ്റുമുട്ടൽ രൂക്ഷമായതിനെ തുടർന്ന് സിഡോണിലെ ലെബനീസ് പൗരന്മാർ അവിടെ നിന്നും ഓടിപ്പോയി. ബുള്ളറ്റുകളും ഷെല്ലുകളും തങ്ങളുടെ വീടുകളിൽ പതിച്ചതോടെയാണ് തങ്ങൾ ഓടിപ്പോകാൻ നിർബന്ധിതരായതെന്ന് ഇവർ പറഞ്ഞു.
ഏറ്റുമുട്ടലിനെ തുടർന്ന് സിഡോണിലെ ജനറൽ ആശുപത്രി ലെബനീസ് അധികൃതർ ഒഴിപ്പിച്ചു. മോർട്ടാർ ഷെല്ലുകൾ ലെബനീസ് സൈനിക ബാരക്കുകളിൽ പതിച്ചതിനെ തുടർന്ന് ഒരു സൈനികന് പരിക്കേറ്റു. രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന രണ്ട് സ്കൂളുകൾ ഇതിനെ തുടർന്ന് അടച്ചിട്ടു.
ലെബനീസ് പ്രധാനമന്ത്രി നജീബ് മികാതി സംഘർഷങ്ങളെ അപലപിച്ചു. ലെബനീസ് ജനതയുടെയും സൈന്യത്തിന്റെയും സുരക്ഷയെ ചോദ്യം ചെയ്യുന്ന ഒരു പ്രവർത്തനങ്ങളും അനുവദിക്കാനാകില്ല എന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post