എറണാകുളം: ആലുവയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചുവെന്ന വ്യാജ ആരോപണത്തിൽ പോലീസിൽ പരാതി. ചാലക്കുടി സ്വദേശി രേവത് ബാബുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകനും ആലുവ സ്വദേശിയുമായ ജിയാസ് ജമാലാണ് പരാതിയുമായി ആലുവ റൂറൽ എസ്പിയെ സമീപിച്ചിരിക്കുന്നത്.
പ്രസ്താവനയിലൂടെ മതസ്പർദ്ധ വളർത്താനും, കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തെറ്റായ പരാമർശം നടത്തി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. മാദ്ധ്യമ ശ്രദ്ധ നേടാനാണ് രേവത് ബാബു വ്യാജ ആരോപണം ഉന്നയിച്ചത്. കലാപം ലക്ഷ്യമിട്ട് നടത്തിയ പരാമർശത്തിൽ വിവിധ വകുപ്പുകൾ പ്രകാരം രേവത് ബാബുവിനെതിരെ കേസ് എടുക്കണം. ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടകുട്ടിയുടെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത് രേവത് ബാബുവാണ്. ഇതിന് ശേഷമായിരുന്നു വിളിച്ചപ്പോൾ പൂജാരിമാർ വന്നില്ലെന്നും, അതിനാലാണ് താൻ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത് എന്നും രേവത് ബാബു പറഞ്ഞത്. നിരവധി പേരെ അന്ത്യകർമ്മങ്ങൾ നടത്താൻ ആവശ്യപ്പെട്ട് സമീപിച്ചു. എന്നാൽ ഹിന്ദിക്കാരുടെ മകളാണെന്ന് കാട്ടി പൂജാരിമാർ ഇതിന് വിസമ്മതിക്കുകയായിരുന്നുവെന്നും ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ സംഭവം വലിയ ചർച്ചയാകുകയായിരുന്നു.
ഇയാളുടെ പരാമർശം വ്യാജമാണെന്ന് കാട്ടി നിരവധി പേർ രംഗത്ത് വന്നു. ഇതോടെ
തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് രേവത് ബാബു പ്രതികരിക്കുകയായിരുന്നു. ചെറിയ കുട്ടിയായത് കൊണ്ട് കർമ്മങ്ങൾ ചെയ്യാറില്ലെന്ന് ആയിരുന്നു സമീപിച്ചവർ പറഞ്ഞത് എന്നാണ് രേവത് ബാബു തിരുത്തി പറഞ്ഞ്. ഇതിന് ശേഷം പരാമർശത്തിൽ രേവത് ബാബു മാപ്പു പറയുകയും ചെയ്തിരുന്നു.
Discussion about this post