എറണാകുളം: മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് അനീഷ് വർഗ്ഗീസിനെതിരെയാണ് പോലീസ് കേസ് എടുത്തത്. അങ്കമാലി പോലീസിന്റേതാണ് നടപടി.
മണിപ്പൂർ സംഘർഷം ആസൂത്രിതമാണെന്നും സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നുമാണ് ഇയാൾ പ്രചരിപ്പിച്ചത്. സമൂഹമാദ്ധ്യമത്തിൽ ഇയാൾ പങ്കുവച്ച പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ എലാവൂർ സ്വദേശി അനീഷ് പെരുമ്പള്ളിയാണ് പോലീസിൽ പരാതി നൽകിയത്.
അനീഷ് വർഗ്ഗീസിന്റെ പോസ്റ്റ് ക്രിസ്ത്യൻ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടികൊണ്ടുള്ളതാണെന്ന് അനീഷിന്റെ പരാതിയിൽ പറയുന്നു. മണിപ്പൂരിൽ നടക്കുന്ന ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശമാണ് അനീഷ് പ്രചരിപ്പിച്ചത്. ഇത്തരം പ്രവൃത്തികൾ നമ്മുടെ സാമൂഹിക അന്തരീക്ഷത്തെ തകർക്കുകയും, മത, രാഷ്ട്രീയ സംഘർഷങ്ങൾ തമ്മിലുള്ള ശത്രുതയ്ക്ക് കാരണമാകുകയും ചെയ്യും. അതുകൊണ്ട് തന്നെ സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം. വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
മണിപ്പൂരിൽ സംഘർഷങ്ങൾ തുടരുന്നതിനിടെ ഈ മാസം 12 നായിരുന്നു അനീഷ് വർഗ്ഗീസ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. പരാതിയിൽ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ സത്യമാണെന്ന് വ്യക്തമായതോടെയായിരുന്നു പോലീസ് കേസ് എടുത്തത്.
Discussion about this post