കൊച്ചി : നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ മോട്ടോർവാഹന വകുപ്പ്. നടന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സുരാജ് വെഞ്ഞാറമൂട് ഓടിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടത്. തുടർന്ന് നടനെതിരെ അലക്ഷ്യമായി കാർ ഓടിച്ചതിന് പോലീസ് കേസെടുത്തിരുന്നു. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ മഞ്ചേരി സ്വദേശി ശരത്തിനെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ ശരത്തിനൊപ്പം സുരാജും ആശുപത്രിയിൽ എത്തിയിരുന്നു. ശരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. സുരാജിന് കാര്യമായി പരിക്കേറ്റില്ല.
Discussion about this post