തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി കാലവർഷ മഴ കുറവ്. കാലവർഷം പകുതി പിന്നിടുമ്പോൾ ലഭിക്കേണ്ട മഴയുടെ 35 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ മഴ കാര്യമായി ലഭിക്കാൻ സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഈ സാഹചര്യത്തിൽ വേനലിൽ പലയിടങ്ങളിലും രൂക്ഷമായ വരൾച്ചയുണ്ടാകും.
ജൂൺ ഒന്ന് മുതൽ 31 വരെ 1301. 7 മില്ലീ ലിറ്റർ മഴയാണ് സാധാരണയായി ലഭിക്കേണ്ടത്. എന്നാൽ ഇതുവരെ 852 മില്ലീ ലിറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കാര്യമായ മഴയ്ക്ക് സാദ്ധ്യതയില്ലാത്തതിനാൽ ലഭിക്കുന്ന മഴയുടെ അളവിൽ വർദ്ധനവ് ഉണ്ടാകില്ല. സെപ്തംബറിലും മഴയുടെ കാര്യത്തിൽ ഇതേ അവസ്ഥ തുടരുമെന്നാണ് പ്രവചനം.
ഇക്കുറി വടക്കൻ കേരളത്തിലായിരുന്നു ശക്തമായ മഴ ലഭിച്ചത്. അതിനാൽ കാസർകോട് ജില്ലയിലാണ് ഇക്കുറി കൂടുതൽ മഴ . 1602.5 മില്ലീ മീറ്റർ മഴയാണ് ലഭിച്ചിട്ടുള്ളത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് മഴ ലഭിച്ചിട്ടുള്ളത്. 339.2 മില്ലീ മീറ്റർ മഴയാണ് തിരുവനന്തപുരത്ത് ഇതുവരെ ലഭിച്ചത്. പാലക്കാട് ജില്ലയിൽ 596.5 മില്ലീ മീറ്റർ മഴയും ലഭിച്ചു.
അതേസമയം ജൂൺ മാസത്തെ അപേക്ഷിച്ച് ജൂലൈയിൽ ആയിരുന്നു മഴ കൂടുതൽ ലഭിച്ചത് എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ശരാശരി ലഭിക്കേണ്ട അളവിനെക്കാൾ കുറവാണ്. സാധാരണയായി 653.5 മില്ലീ ലിറ്റർ മഴയാണ് ജൂലൈയിൽ ലഭിക്കേണ്ടത്. എന്നാൽ ലഭിച്ചതാകട്ടെ 592 മില്ലീ ലിറ്റർ മഴയും . ഒമ്പത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി, ന്യൂന മർദ്ദ പാത്തി, ആഗോള മഴപ്പാത്തി എന്നിവയുടെ സ്വാധീനത്തെ തുടർന്നാണ് ജൂലൈയിൽ മഴ ശക്തമായത്.
Discussion about this post