തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളെ ചൊല്ലി ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെതിരെ സംവിധായകൻ വിനയൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ രഞ്ജിത്തിനെ ന്യായീകരിക്കുന്ന നിലപാടാണ് സജി ചെറിയാൻ സ്വീകരിച്ചത്. രഞ്ജിത് വളരെ മാന്യനായ, കേരളം കണ്ട ഇതിഹാസമാണെന്ന് സജി ചെറിയാൻ അഭിപ്രായപ്പെട്ടു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ രഞ്ജിത്തിന് ഒരു റോളുമില്ല. ജൂറിയിലെ അംഗമല്ല അദ്ദേഹം. അദ്ദേഹത്തിന് ഒരാളുമായും സംസാരിക്കാൻ കഴിയില്ല. അദ്ദേഹമല്ല ജൂറിയെ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന് ഒരിക്കലും ഇടപെടാൻ കഴിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
രഞ്ജിത് ചെയർമാനായ ചലച്ചിത്ര അക്കാഡമി ഏറ്റവും ഭംഗിയായി ഈ വർഷങ്ങളിൽ പ്രവർത്തനം നടത്തിയെന്നതിൽ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. അവാർഡ് വിതരണം എത്ര ഭംഗിയായാണ് അവർ സംഘടിപ്പിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമെന്ന നിലയിൽ സാംസ്‌കാരിക വകുപ്പിന് അഭിമാനത്തോടെ ഓർക്കാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് അവർ ചെയ്യുന്നതെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു. അർഹതപ്പെട്ടവർക്ക് തന്നെയാണ് ഈ വർഷം ജൂറി അവാർഡ് നൽകിയിരിക്കുന്നത്. എന്നാൽ, പുരസ്‌കാരം കിട്ടാത്തവർ മോശമാണെന്ന് താൻ പറയില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന് കഴിഞ്ഞ ദിവസം സംവിധായകൻ വിനയൻ ആരോപിച്ചിരുന്നു. തന്റെ സിനിമയായ പത്തൊമ്പതാം നൂറ്റാണ്ടിന് അവാർഡ് നൽകാതിരിക്കാൻ രഞ്ജിത്ത് ശ്രമിച്ചെന്നും അതിന് തെളിവുണ്ടെന്നും വിനയൻ വ്യക്തമാക്കിയിരുന്നു. കലാസംവിധാനത്തിൽ അംഗീകാരങ്ങൾ നേടിയിട്ടുള്ള ജൂറി അംഗം, പത്തൊമ്പതാം നൂറ്റാണ്ടിലെ കലാസംവിധാനമാണ് ഏറ്റവും മികച്ചത് എന്ന് വാദിച്ചെങ്കിലും ജൂറി അംഗമായ നടി എതിർത്തതിന് പിന്നിൽ രഞ്ജിത്താണെന്നായിരുന്നു വിനയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്.
Discussion about this post