തിരുവനന്തപുരം: ലൈസൻസും മതിയായ രേഖകളില്ലാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. ലൈസൻസില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു.
ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകളാണ് നടത്തിയത്. 112 സ്‌ക്വാഡുകളാണ് ലൈസൻസ് പരിശോധന നടത്തുന്നത്. 458 സ്ഥാപനങ്ങൾ ലൈസൻസിന് പകരം രജിസ്ട്രേഷൻ എടുത്ത് പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇവർക്ക് ലൈസൻസ് എടുക്കുന്നതിന് നോട്ടീസ് നൽകി. ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്നതിന് 756 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. വരും ദിവസങ്ങളിലും ലൈസൻസ് പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു.
ജില്ലകളും പരിശോധനകളുടെ എണ്ണവും
തിരുവനന്തപുരം 612, കൊല്ലം 487, പത്തനംതിട്ട 251, ആലപ്പുഴ 414, കോട്ടയം 252, ഇടുക്കി 103, തൃശൂർ 276, പാലക്കാട് 344, മലപ്പുറം 586, കോഴിക്കോട് 573, വയനാട് 150, കണ്ണൂർ 281, കാസർഗോഡ് 134. എറണാകുളം ഒഴുകിയുള്ള മറ്റു ജില്ലകളിലാണ് പരിശോധനകൾ നടത്തിയത്. എറണാകുളം ജില്ലയിൽ ബുധനും വ്യാഴവുമായി പരിശോധന നടക്കും.
ഭക്ഷണ വിൽപ്പന സ്ഥാപനങ്ങൾ ലൈസൻസ് എടുത്തു മാത്രമേ പ്രവർത്തനം നടത്താൻ പാടുള്ളൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി തവണ അഭ്യർത്ഥിച്ചിരുന്നു. ലൈസൻസ് എടുത്ത് പ്രവർത്തിക്കാൻ തയ്യാറാകാത്ത സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. ഈ സ്ഥാപനങ്ങൾ ലൈസൻസ് നേടുകയോ നിയമപരമായി ലൈസൻസിന് പൂർണമായ അപേക്ഷ സമർപ്പിച്ചോ മാത്രമേ തുറക്കാൻ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
Discussion about this post