‘സന്ന ഡി ആര്‍ട്ട്’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അറിയപ്പെടുന്ന റഷ്യന്‍ സ്വദേശിനിയായ വീഗന്‍ ഫുഡ് ഇന്‍ഫ്‌ളുവന്‍സര്‍ സന്ന സാംസോനോവ മരിച്ചത് മതിയായ ആഹാരം കഴിക്കാത്തത് കൊണ്ടാണെന്ന് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി പൂര്‍ണ്ണമായും വേവിക്കാത്ത ആഹാരം മാത്രമായിരുന്നു 39-കാരിയായ സന്ന കഴിച്ചിരുന്നത്. തെക്ക്കിഴക്കന്‍ ഏഷ്യ സന്ദര്‍ശനത്തിനിടെ ജൂലെ 21നാണ് സന്ന മരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയ സന്ന മരണപ്പെടുകയായിരുന്നു.
വേവിക്കാത്ത, പച്ചയായ ആഹാരപദാര്‍ത്ഥങ്ങള്‍ മാത്രം ഉള്‍പ്പെട്ട വീഗന്‍ ആഹാരശൈലി സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായി പ്രചരിപ്പിച്ചിരുന്ന സന്ന കഴിഞ്ഞ നാലുവര്‍ഷമായി പൂര്‍ണ്ണമായും ഈ രീതിയിലുള്ള ആഹാരമാണ് കഴിച്ചിരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പഴങ്ങള്‍, സൂര്യകാന്തിച്ചെടിയുടെ വിത്തുകള്‍, പഴങ്ങള്‍ കൊണ്ടുണ്ടാക്കിയ സ്മൂത്തികളും ജ്യൂസുകളും മാത്രമാണ് അവര്‍ വര്‍ഷങ്ങളായി കഴിച്ചിരുന്നത്.
കോളറ പോലുള്ള അണുബാധയാണ് സന്നയുടെ മരണകാരണമെന്ന് അവരുടെ മാതാവ് അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണത്തിനായി മെഡിക്കല്‍ റിപ്പോര്‍ട്ടിനും മരണസര്‍ട്ടിഫിക്കറ്റനുമായി കാത്തിരിക്കുകയാണ് കുടുംബം. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയില്‍ വെച്ച് സന്നയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നുവെന്നും കാലുകളില്‍ നീര് വന്ന് പൊട്ടിയൊലിക്കുന്ന അവസ്ഥയിലായിരുന്നുവെന്നും പേരുവെളിപ്പെടുത്താത്ത സന്നയുടെ ഒരു സുഹൃത്ത് പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വളരെ മോശം ആരോഗ്യസ്ഥിതിയിലും സന്ന ചികിത്സയ്ക്ക് തയ്യാറായിരുന്നില്ലെന്നും ഇവര്‍ പറയുന്നു.
തന്റെ സവിശേഷ ആഹാരരീതിയിലൂടെ ശരീരവും മനസ്സും പ്രതിദിനം മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് സന്ന ഒരിക്കല്‍ പറഞ്ഞത്. ഒരിക്കലും പഴയ ആഹാരരീതിയിലേക്ക് മടങ്ങിപ്പോകില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
Discussion about this post