തിരുവനന്തപുരം: ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിച്ച് സ്പീക്കർ എ.എൻ ഷംസീർ നടത്തിയ പരാമർശത്തിൽ മാപ്പ് പറയാനോ തിരുത്തി പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം. ഷംസീറിന്റെ പ്രസ്താവനയെച്ചൊല്ലിയുളള വിവാദം കത്തിപ്പടരവേ പാർട്ടി നിലപാട് വിശദീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗണപതി മിത്താണ്. ഞങ്ങൾക്ക് ഇതിലൊന്നും ഒരു മടിയുമില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിന്റെ മേലെ കുതിര കയറരുത്. ആരെങ്കിലും അതിനെ വിമർശിച്ചാൽ വിമർശിച്ചവർ ഹിന്ദുക്കൾക്കും വിശ്വാസികൾക്കും എതിരാണെന്ന പ്രചാരവേല ശരിയല്ല. ഭൂമി പരന്നതായിരുന്നു എന്ന് പണ്ട് പഠിച്ചിരുന്നു. അല്ലാന്ന് ശാസ്ത്രം പഠിപ്പിച്ചു. ശാസ്ത്രം ലോക വ്യാപകമായ വികാസം നേടിക്കൊണ്ടിരിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ആരുടെയും മേൽ കുതിര കയറണ്ട. വൈരുദ്ധ്യാത്മക ഭൗതികവാദ സമീപനത്തെ അടിസ്ഥാനമാക്കി കാര്യങ്ങൾ കൈകാര്യം ചെയ്തു പോകുമ്പോൾ വിശ്വാസിയെയും അവിശ്വാസിയെയുമെല്ലാം സമൂഹത്തിന്റെ ഭാഗമായിട്ടാണ് തങ്ങൾ കണ്ടതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ചരിത്രം ചരിത്രമായി കാണണം. ശാസ്ത്രത്തെ അങ്ങനെയും മിത്തുകളെ അങ്ങനെയും കാണണം. അതിനെ വർത്തമാനകാലവുമായി കൂട്ടിയിണക്കി ഇതിന്റെ ഭാഗമായ ശാസ്ത്രമായി പറഞ്ഞാൽ അംഗീകരിക്കില്ല. തെറ്റായ പ്രവണതകളെ ഒന്നും വെച്ചുപൊറുപ്പിക്കാനാകില്ല.
എല്ലാം ഭൗതികമാണെന്ന നിലപാട് ഞങ്ങൾക്കില്ല. ഭൗതിക പ്രപഞ്ചത്തിന്റെ ഉൽപ്പന്നം തന്നെയാണ് ഭൗതികേതര പ്രപഞ്ചം. ശാസ്ത്രീയമായ എന്തെങ്കിലും ഒരു കാര്യം പറഞ്ഞുപോയാൽ അതിന് മേലെ രാഷ്ട്രീയമായി കടന്നാക്രമിക്കാനുളള സമീപനമാണ് കോൺഗ്രസും ബിജെപിയും ചില സമുദായ സംഘടനകളും സ്വീകരിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പരശുരാമൻ എറിഞ്ഞുണ്ടാക്കിയതാണ് കേരളമെന്നത് മിത്താണോ ശാസ്ത്രമാണോയെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. പരശുരാമൻ മഴു എറിഞ്ഞുണ്ടായ ആ കര ബ്രാഹ്മണനെ ഏൽപിച്ചുവെന്നാണ് പറയുന്നത്. ബ്രാഹ്മണ്യ കാലത്താണോ കേരളം രൂപപ്പെട്ടത്. ആര്യൻമാരുടെ അധിനിവേശത്തിന് ശേഷമുണ്ടായ കാലമാണ് ബ്രാഹ്മണ്യകാലം. അതിനും ആയിരക്കണക്കിന് മുൻപ് വർഷങ്ങൾക്ക് രൂപപ്പെട്ടതാണ് കേരളം. ചട്ടമ്പി സ്വാമികൾ പോലും ഈ ഐതീഹ്യത്തെ ശാസ്ത്രവാദങ്ങളുടെ അടിസ്ഥാനത്തിൽ ശക്തമായി എതിർത്തതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Discussion about this post