തിരുവനന്തപുരം : സംസ്ഥാനത്ത് വിഐപി വാഹനങ്ങളും എഐ ക്യാമറയിൽ കുടുങ്ങിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. റോഡ് നിയമലംഘനങ്ങളിൽ നിന്ന് വിഐപികളെ ഒഴിവാക്കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. എംപിമാരുടെയും എംഎൽഎമാരുടെയും വാഹനങ്ങൾ അടക്കം 328 സർക്കാർ വാഹനങ്ങൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. ഒരു എംപി ആറു തവണയും ഒരു എംഎൽഎ ഏഴു വട്ടവും നിയമലംഘനം നടത്തിയെന്നും ആന്റണി രാജു പറഞ്ഞു.
എംഎൽഎമാരുടെ വാഹനങ്ങൾ 19 തവണയും എംപിമാരുടെ വാഹനങ്ങൾ 10 തവണയും എഐ ക്യാമറയിൽ കുടുങ്ങി. എഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഓഗസ്റ്റ് രണ്ടു വരെ 3242277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 1583367 എണ്ണം വെരിഫൈ ചെയ്യുകയും, 589394 കേസുകൾ ഇൻറഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുകയും, 382580 എണ്ണം ചല്ലാനുകൾ തയ്യാറാക്കുകയും, 323604 എണ്ണം തപാലിൽ അയക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി.
ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങളോടിച്ചതാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ. 221251 ലംഘനങ്ങളാണ് കണ്ടെത്തിയത്. സഹയാത്രികർ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തത് 150606 എണ്ണമാണ്. കാറിലെ മുൻ സീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് 186673, കാർ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തത് 170043 എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചത് 6118, ഇരുചക്ര വാഹനങ്ങളിലെ ട്രിപ്പിൾ റൈഡ് 5886 തുടങ്ങിയവയും ജൂൺ 5 മുതൽ ഓഗസ്റ്റ് രണ്ടുവരെ വരെ കണ്ടെത്തി. എഐ ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോൾ അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായെന്നും മന്ത്രി ആൻറണി രാജു വ്യക്തമാക്കി.
Discussion about this post