കണ്ണൂർ: പ്രധാനമന്ത്രിക്കുളള കേരളത്തിന്റെ ഓണക്കോടി ഇക്കുറി കണ്ണൂരിൽ നിന്ന്. തറിയിൽ നെയ്‌തെടുക്കുന്ന തുണിയിൽ തീർത്ത വസ്ത്രമാണ് പ്രധാനമന്ത്രിക്ക് സംസ്ഥാനം സമ്മാനിക്കുക. കണ്ണൂർ ചൊവ്വയിലെ ലോക്‌നാഥ് വീവിങ് സൊസൈറ്റിയിലാണ് ഇതിനുള്ള തുണി നെയ്യുന്നത്.
ചന്ദന നിറം, ഇളംപച്ച, വെളള, റോസ്, എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ഒത്തുചേർന്ന തുണിയിലാണ് പ്രധാനമന്ത്രിക്കുളള വസ്ത്രം തുന്നുക. കോട്ടയം രാമപുരം അമനകര സ്വദേശിയും പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസ് ആണ് തുണിയുടെ നിറവും പാറ്റേണും ഡിസൈൻ ചെയ്തത്.
തറിയിൽ തുണി നെയ്ത ശേഷം ഹാൻടെക്‌സിന്റെ തിരുവനന്തപുരത്തെ തുന്നൽകേന്ദ്രത്തിൽ കുർത്ത തയ്‌ച്ചെടുക്കും. അതീവ ശ്രദ്ധ വേണ്ടുന്ന ജോലിയായതിനാൽ ഒരു ദിവസം മൂന്ന് മീറ്റർ തുണിയാണ് തറിയിൽ നെയ്യാനാകുക.
കേരളം ഔദ്യോഗികമായി പ്രധാനമന്ത്രിക്ക് സമ്മാനിക്കുന്ന ഓണക്കോടിയാണിത്. ഹാൻഡ് ലൂം ആൻഡ് ടെക്‌സ്റ്റൈൽ സ്റ്റേറ്റ് ഡയറക്ടർ കെഎസ് അനിൽ കുമാർ നിർദ്ദേശിച്ചത് അനുസരിച്ച് ലോക്‌നാഥ് വീവേഴ്‌സ് സെക്രട്ടറി പി വിനോദ് കമാർ തുണി നിർമിക്കുന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. നെയ്ത്തുകാരിയായ ബിന്ദുവാണ് തറിയിൽ തുണി ഒരുക്കുന്നത്. ഒരാഴ്ചയായി ഇതിന്റെ ജോലികൾ നടന്നുവരികയാണ്.
Discussion about this post