തിരുവനന്തപുരം: മിത്ത് വിവാദത്തിൽ ദേവസ്വം വകുപ്പിനെ പരിഹസിച്ച നടൻ സലീം കുമാറിന് മറുപടിയുമായി
ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ദേവസ്വം വരുമാനത്തെ മിത്തുമണിയെന്ന് പരിഹസിക്കുന്നത് ശരിയല്ലെന്നും വിശ്വാസത്തിൻറെ ശാസ്ത്രീയത പരിശോധിക്കേണ്ടത് ദേവസ്വം മന്ത്രിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ക്ഷേത്രങ്ങളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഈ സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. വിശ്വാസങ്ങളെ സംരക്ഷിക്കാൻ ചെയ്യുന്നതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോർഡിന് ലഭിക്കുന്ന പണത്തെ ‘മിത്തു മണി’ എന്ന് കളിയാക്കുന്നത് ശരിയല്ല.തന്നെ കുറിച്ച് പറയുന്നതിൽ ഒന്നും പറയാനില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
റോഡ് തടസപ്പെടുത്തിയാൽ ആരാണെങ്കിലും കേസ് എടുക്കും. വിശ്വാസത്തിന്റെ ശാസ്ത്രീയത പരിശോധിക്കൽ ദേവസ്വം മന്ത്രിയുടെ ജോലിയല്ല. ഓരോ കാര്യങ്ങളും സയന്റിഫിക്ക് ആണോ അല്ലയോ എന്ന് പറയേണ്ട കാര്യം ദേവസ്വം മന്ത്രിക്ക് ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എല്ലാ കമ്യുണിസ്റ്റ് ഇടതുപക്ഷ സർക്കാരുകളും വിശ്വാസികളെ മാനിക്കുകയും സഹായിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ആരെയും വിശ്വാസത്തെ വ്രണപ്പെടുത്താൻ സർക്കാരിന് ആഗ്രഹമില്ലെന്ന് മന്ത്രി പറഞ്ഞു.
Discussion about this post