മുംബൈ: ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. മറ്റ് സംസ്ഥാനങ്ങളിൽ കൊണ്ടു വന്നതിന് സമാനമായ നിയമങ്ങൾ പഠിച്ച ശേഷമായിരിക്കും മഹാരാഷ്ട്രയിൽ നിയമം കൊണ്ടു വരികയെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടികളെ പ്രണയബന്ധങ്ങളിൽ അകപ്പെടുത്തി വിവാഹം കഴിച്ച ശേഷം മതം മാറ്റുന്ന സംഭവങ്ങൾ വർദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരാൻ വിവിധ കോണുകളിൽ നിന്നും ആവശ്യം ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് നിയമസഭയിലും താൻ സംസാരിച്ചിരുന്നു. ഇക്കാര്യത്തിൽ ഒട്ടും വൈകാതെ നടപടി ഉണ്ടാകുമെന്നും ഫഡ്നവിസ് അറിയിച്ചു.
ഉത്തർ പ്രദേശ്, മദ്ധ്യപ്രദേശ്, ഹരിയാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ലൗ ജിഹാദിനെതിരെ നിയമം നിലവിലുള്ളത്. ഹിന്ദു, ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്ന പെൺകുട്ടികളെ പ്രലോഭിപ്പിച്ചും പ്രണയം നടിച്ചും വഞ്ചനയിലൂടെയും തട്ടിക്കൊണ്ട് പോയും വിവാഹത്തിലൂടെയും ഇസ്ലാമിലേക്ക് മതം മാറ്റാൻ നടക്കുന്ന സംഘടിതമായ ശ്രമങ്ങളെയാണ് ലൗ ജിഹാദ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ചില കേസുകൾ ദേശീയ അന്വേഷണ ഏജൻസികളുടെ പരിഗണനയിലാണ്.
Discussion about this post