ബീജിംഗ്: ഈ വർഷം തകർത്തു പെയ്ത മഴയെ തുടർന്നുണ്ടായ 140 വർഷങ്ങൾക്കിടയിലെ മഹാപ്രളയം ചൈനയിൽ സർവനാശം വിതച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പ്രളയക്കെടുതി നിയന്ത്രണ വിധേയമാണ് എന്നാണ് ചൈന അവകാശപ്പെടുന്നത്. ഇത് സാധൂകരിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ചൈന പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്.
അതേസമയം പ്രളയക്കെടുതി നിയന്ത്രണ വിധേയമാണെന്ന ചൈനയുടെ അവകാശവാദം പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് ചൈനയിലെ മറ്റ് നഗരങ്ങളിൽ നിന്നും പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ബീജിംഗിനെ രക്ഷിക്കാൻ ചൈന മറ്റ് നഗരങ്ങളെ കുരുതി കൊടുക്കുകയാണെന്നാണ് ആരോപണം. പ്രളയം ബീജിംഗിൽ കാര്യമായ ശല്യമുണ്ടാക്കാതിരിക്കുന്നതിനായി അധികൃതർ മറ്റ് നഗരങ്ങളിലേക്ക് മഴവെള്ളം ഒഴുക്കി വിടുകയാണ്. ഇത് ഇവിടങ്ങളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ബീജിംഗിന്റെ അതിർത്തി പ്രദേശമായ ഹെബെയിൽ താത്കാലിക സംവിധാനമൊരുക്കി മഴവെള്ളം തലസ്ഥാന നഗരിയിലേക്ക് കടക്കുന്നത് തടഞ്ഞിരിക്കുകയാണ്. ഇത് ഹെബെയിലെയും സമീപ പ്രദേശമായ ടിയാൻജിനിലെയും വെള്ളപ്പൊക്ക കെടുതി രൂക്ഷമാക്കുകയാണ്.
ഷൂഷൂ നഗരത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രദേശത്തെ ജലാശയങ്ങൾ കരകവിഞ്ഞ് വലിയ വെള്ളപ്പൊക്കമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതിനിടെ ബീജിംഗിൽ നിന്നും ഒഴുക്കി വിടുന്ന വെള്ളം പ്രദേശത്തെ അക്ഷരാർത്ഥത്തിൽ ചെളിപ്പുഴയാക്കിയിരിക്കുകയാണ്. ഇവിടങ്ങളിലെ വീടുകളും കെട്ടിടങ്ങളും എല്ലാം നാമവശേഷമായി എന്നാണ് റിപ്പോർട്ട്.
ബീജിംഗിന് പുറത്തെ നഗരങ്ങളിൽ ഏകദേശം പത്ത് ലക്ഷത്തോളം പേരാണ് അഭയാർത്ഥികളാക്കപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ വൈദ്യുതിയോ ഇന്റർനെറ്റോ മൊബൈൽ ഫോൺ സേവനങ്ങളോ ലഭ്യമല്ല. കാണാതായ ഉറ്റവരെ കണ്ടെത്താൻ ഒരു മാർഗവുമില്ലാതെ ഉഴലുകയാണ് ഇവിടത്തെ ജനങ്ങൾ.
സ്വന്തം പൗരന്മാരെ കഷ്ടപ്പെടുത്താൻ സ്പിൽവേ തുറന്നു വിട്ട ചൈനക്കെതിരെ പ്രതിഷേധം ശക്തമാണ്. തങ്ങളെ കഷ്ടപ്പെടാൻ വിട്ടിട്ട് ബീജിംഗിനെ സംരക്ഷിച്ചു നിർത്തുന്ന ഭരണകൂടത്തിനെതിരെ ഏറ്റവും കൂടുതൽ ആളുകൾ പ്രതിഷേധിക്കുന്നത് ഷൂഷുവിലാണ്. അണക്കെട്ടുകൾ തുറന്നു വിടുന്നതിനെ കുറിച്ച് തങ്ങൾക്ക് യാതൊരു മുന്നറിയിപ്പുകളും ലഭിച്ചിട്ടില്ലെന്ന് ഇവിടത്തെ ജനങ്ങൾ പറയുന്നു. തങ്ങളുടെ നഷ്ടങ്ങൾക്ക് ആര് സമാധാനം പറയുമെന്നാണ് ഇവർ ചോദിക്കുന്നത്.
മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നു വിട്ടതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് വളർത്തു മൃഗങ്ങൾ ചത്തു പോയതായാണ് വിവരം. സിയോംഗനിൽ ഷീ ജിൻപിംഗിന്റെ നിർദേശ പ്രകാരം നടത്തിയ അശാസ്ത്രീയ നിർമാണങ്ങളും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതായി ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
Discussion about this post