ഇസ്ലാമാബാദ്: പാകിസ്താനിൽ തീവണ്ടി പാളം തെറ്റി അപകടം. ഹസാര എക്‌സ്പ്രസ് ആണ് നവാബ് ഷായിലെ സർഹാരി റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റിയത്. കറാച്ചിയിൽ നിന്ന് റാവൽപിണ്ടിയിലേക്ക് വരികയായിരുന്ന ട്രെയിനാണ് അപകടത്തിൽപെട്ടത്. ഇരുപതോളം പേർ മരിച്ചതായും അൻപതിലധികം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ
പത്തോളം ബോഗികളാണ് പാളം തെറ്റിയത്. കഴിഞ്ഞ ദിവസം പഡിഡാൻ റെയിൽവേ സ്റ്റേഷന് സമീപം അല്ലാമ ഇഖ്ബാൽ എക്‌സ്പ്രസിന്റെ രണ്ട് ബോഗികൾ പാളം തെറ്റിയിരുന്നു. ഇവിടെ തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
പാളത്തിൽ കിടക്കുന്ന ബോഗികൾ നീക്കി കൂടുതൽ പേർ അപകടത്തിൽ പെട്ടിട്ടുണ്ടോയെന്ന് തിരച്ചിൽ തുടരുകയാണ്. ഇരുപത് മണിക്കൂറോളമെടുത്താൽ മാത്രമേ ബോഗികൾ നീക്കി രക്ഷാപ്രവർത്തനം പൂർത്തിയാക്കാനാകുവെന്നാണ് റെയിൽവേ വൃത്തങ്ങൾ അറിയിക്കുന്നത്.
സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗത്തിന്റെയും പോലീസിന്റെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. സാങ്കേതിക തകരാറാകാൻ സാദ്ധ്യതയുണ്ടെന്നും അല്ലെങ്കിൽ മനപ്പൂർവ്വം സംഭവിപ്പിച്ചതാകാമെന്നും റെയിൽവേ വ്യോമയാന മന്ത്രി ഖവാജ സാദ് റാഫിഖി പറഞ്ഞു.
17 കോച്ചുകളായിരുന്നു ട്രെയിനിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിനായി അപകട സ്ഥലത്തേക്ക് റെയിൽവേ പ്രത്യേക റിലീഫ് തീവണ്ടിയും അയച്ചിട്ടുണ്ടെന്ന് പാകിസ്താൻ റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.
Discussion about this post