തിരുവനന്തപുരം: ഗണപതി മിത്ത് വിവാദത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെയും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെയും രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാനായി സ്പീക്കറും മരുമകൻ മന്ത്രിയും തമ്മിലുള്ള മത്സരമാണ് നടക്കുന്നതെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു.
വിവാദം സിപിഎം ഉണ്ടാക്കിയതാണെങ്കിൽ അവർക്ക് അവസാനിപ്പിക്കാം. പക്ഷേ വിവാദം അവസാനിപ്പിക്കണമെങ്കിൽ വിവാദം ഉണ്ടാക്കാൻ വേണ്ടി നടത്തിയ പരാമർശം പിൻവലിക്കുകയോ മാപ്പപേക്ഷിക്കുകയോ ഖേദപ്രകടനം നടത്തുകയോ വേണം. അല്ലാതെ സ്വിച്ച് ഇടുന്നതുപോലെ ഒരു ദിവസം വിവാദമുണ്ടാക്കുക, അതിനുശേഷം സ്വിച്ച് ഇടുന്നതുപോലെ അവസാനിപ്പിക്കുക എന്നതൊന്നും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
ആർക്കാണ് കൂടുതൽ ഇസ്ലാമിക തീവ്രവാദികളുടെ പിന്തുണ നേടാൻ സാധിക്കുകയെന്നാണ് നോക്കുന്നത്. അതിനുവേണ്ടിയുള്ള മത്സരമാണ് നടക്കുന്നത്. ആ മത്സരത്തിൽ കേരളത്തിലെ ഭൂരിപക്ഷ സമുദായത്തെ ചവിട്ടിമെതിക്കുന്ന സമീപനമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ ഇക്കാര്യത്തിലെ നിലപാടിൽ വ്യക്തതയില്ല. പാർട്ടി സെക്രട്ടറി കേരളത്തിൽനിന്ന് ഒന്നു പറയും. ഡൽഹിയിൽ ചെന്ന് വേറൊന്നു പറയും. മന്ത്രി വേറൊന്നു പറയുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഒരക്ഷരം മിണ്ടിയിട്ടില്ല.അദ്ദേഹം ഈ നാട്ടിലല്ലേ ജീവിക്കുന്നത്? അദ്ദേഹമെന്താ ഇക്കാര്യത്തെക്കുറിച്ച് ഒരക്ഷരം പറയാത്തത്. പാർട്ടി സെക്രട്ടറി പറയുന്നതാണോ ശരി, അദ്ദേഹത്തിന്റെ മരുമകൻ പറയുന്നതാണോ ശരി. അതോ അദ്ദേഹത്തിന്റ പാർട്ടി നേതാവായ സ്പീക്കർ പറയുന്നതാണോ ശരി. ഇതിനെക്കുറിച്ച് ഒരക്ഷരം മുഖ്യമന്ത്രി മിണ്ടുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.
Discussion about this post