ഗുവാഹട്ടി : ബംഗ്ലാദേശ് അതിര്‍ത്തിക്ക് സമീപമുള്ള ഗ്രാമത്തില്‍ നിന്ന് കൊടും ഭീകരന്‍ അബ്ദുസ് സുകൂര്‍ അലി പോലീസിന്റെ പിടിയിലായി. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി നടത്തിയ സുരക്ഷാ പരിശോധനകള്‍ക്കിടയിലാണ് ഇയാള്‍ അറസ്റ്റിലായത്. അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള നിരോധിത സംഘടനയായ അന്‍സാറുള്ള ബംഗ്ലാ ടീമിലെ (എബിടി) അംഗമാണ് അബ്ദുസ് സുക്കൂര്‍ അലി.
ആഗസ്റ്റ് 5 ന് രാവിലെ ധുബ്രി ജില്ലയില്‍ ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് നിന്നാണ് അന്‍സറുല്ല ബംഗ്ലാ ടീം ഭീകരനെ അസം പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.
ബംഗ്ലാദേശിലെ എബിടി ഭീകരരുമായി ആശയവിനിമയം നടത്താന്‍ ഉപയോഗിച്ച നിരവധി ഹാന്‍ഡ്‌സെറ്റുകളും എബിടിയുമായി ബന്ധമുള്ള രേഖകളും പോലീസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായി ധുബ്രി പോലീസ് സൂപ്രണ്ട് നവീന്‍ സിംഗ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അറസ്റ്റിലായ ഭീകരനെതിരെ യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി, ഇസ്ലാമിക് മതമൗലികവാദ സംഘടനകളുടെ അംഗങ്ങള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാനായി ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ധുബ്രി പോലീസ് കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
‘ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തുള്ള തകിമാരിയില്‍ നിന്നുള്ള അന്‍സറുല്ല ബംഗ്ലാ ടീം സംഘടനയിലെ അംഗമായ അബ്ദുസ് സുക്കൂര്‍ അലിയെ ഇന്ന് പുലര്‍ച്ചെ ബിലാസിപാര പോലീസ് സ്റ്റേഷന്റെ കീഴിലുള്ള നയെറല്‍ഗ എന്ന പ്രദേശത്ത് നിന്ന് ധുബ്രി പോലീസിന്റെ നേതൃത്വത്തില്‍ പിടികൂടി. നിലവില്‍, പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്,” അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ട്വീറ്റ് ചെയ്തു.
ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ അസം ഇസ്ലാമിക ഭീകരവാദ സംഘടനകളുടെ സാന്നിദ്ധ്യമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലമാണെന്നും ഇത് ശക്തമായ നടപടികള്‍ കൊണ്ട് നിര്‍വീര്യമാക്കുകയാണെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അടുത്തിടെ പറഞ്ഞിരുന്നു. നിരോധിത സംഘടനയായ അന്‍സറുള്‍ ബംഗ്ലാ ടീമുമായി (എബിടി) ബന്ധമുള്ള മൂന്ന് പേരെ പോലീസ് നടത്തിയ തിരച്ചിലില്‍ അസമിലെ ധുബ്രി ജില്ലയില്‍ നിന്ന് ഏപ്രില്‍ 23 ന് അറസ്റ്റ് ചെയ്തിരുന്നു.
സംസ്ഥാനത്തെ സ്വകാര്യ മദ്രസകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് ശേഷമാണ് എബിടിയുടെയും അല്‍ഖ്വയ്ദയുടെയും ഭാഗമായ നിരവധി തീവ്രവാദികളുടെ അറസ്റ്റുകള്‍ ഉണ്ടാകുന്നത്. ഇത്തരം മദ്രസ്സകളില്‍ അദ്ധ്യാപകര്‍ വിദ്യാര്‍ഥികളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. 2022 മാര്‍ച്ചിന് ശേഷം ഇതുവരെ 40 എബിടി ജിഹാദികളെയാണ് അസമിന്റെ വിവിധയിടങ്ങളില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
Discussion about this post