ന്യൂഡൽഹി : യഥാർത്ഥ നിയന്ത്രണ രേഖയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഭീകരരുടെ വീഡിയോ പുറത്തുവിട്ട് സുരക്ഷാ സേന. അന്താരാഷ്ട്ര അതിർത്തി ലംഘിച്ച് ജമ്മു കശ്മീരിലെ പൂഞ്ചിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരുടെ ദൃശ്യങ്ങളാണ് ഇന്ത്യൻ സൈന്യം പുറത്തുവിട്ടിരിക്കുന്നത്. അതിർത്തിയിൽ നിരീക്ഷണം നടത്താൻ ഘടിപ്പിച്ചിരിക്കുന്ന തെർമൽ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണിത്. നുഴഞ്ഞുകയറാൻ ശ്രമിച്ച സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു.
അതിർത്തി പ്രദേശങ്ങളിൽ മികച്ച നിരീക്ഷണത്തിനായി സ്ഥാപിച്ച തെർമൽ ക്യാമറകൾ പകർത്തിയ ദൃശ്യങ്ങളിൽ നിയന്ത്രണരേഖയിലെ വനത്തിലൂടെ ഇരുട്ടിന്റെ മറവിൽ രണ്ട് ഭീകരർ ഇന്ത്യയിലേക്ക് വരുന്നത് കാണാം.
തുടർന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്ക് നേരെ സൈന്യം വെടിയുതിർക്കുകയും അവരിൽ ഒരാളെ വധിക്കുകയും ചെയ്തു. ബാഗ്ലദ്ര പൂഞ്ച് സ്വദേശി മുനീർ ഹുസൈനെ ആണ് വധിച്ചത്. ഒപ്പമുണ്ടായിരുന്ന ഭീകരന് വെടിയേറ്റതായാണ് വിവരം. എന്നാൽ ഇയാളെ കണ്ടെത്താനായിട്ടില്ല.
ഹിസ്ബുൾ മുജാഹിദ്ദീൻ ഡിവിഷൻ കമാൻഡറായ ഹുസൈൻ 1993-ൽ പാക് അധീന കശ്മീരിലേക്ക് ആയുധ പരിശീലനത്തിനായി കടന്നിരുന്നു. ഇയാൾ 1996-ൽ രാജ്യത്തേക്ക് തിരിച്ചെത്തി. 1998-ൽ അയാൾ വീണ്ടും പാക് അധീന കശ്മീരിലേക്ക് മടങ്ങിയെന്ന് സൈന്യം അറിയിച്ചു.
സുരക്ഷാ സേനയ്ക്കെതിരായി നടന്ന ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഹുസൈൻ. ഹിസ്ബുൾ മുജാഹിദീൻ സ്ഥാപകനായ സയ്യിദ് സലാവുദ്ദീന്റെ അടുത്ത സഹായിയായ മൗലാന ദാവൂദ് കശ്മീരിന്റെ ഒരു കൂട്ടാളിയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തി.
‘രാത്രിയോടെ രണ്ട് ഭീകരർ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത് പൂഞ്ചിൽ വിന്യസിച്ചിരുന്ന സൈന്യത്തിന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്ന് മുന്നറിയിപ്പ് നൽകിയതോടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഭീകരൻ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള വനത്തിലേക്ക് കയറി. ഇയാൾ രക്ഷപ്പെടുന്നത് തടയാൻ നിയന്ത്രണരേഖയ്ക്ക് കുറുകെ സൈന്യം വളഞ്ഞു,’ പൂഞ്ച് സിഒ അവിജിത് സിംഗ് പറഞ്ഞു.
‘ഇന്റലിജൻസ് റിപ്പോർട്ടുകൾ പ്രകാരം, ഇസ്ലാമാബാദിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഗ്രൂപ്പിന്റെ ഉന്നതതല യോഗത്തിൽ മുനീർ ഹുസൈൻ പങ്കെടുത്തിരുന്നു. രജൗരി, പൂഞ്ച് മേഖലകളിൽ തീവ്രവാദത്തെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു അജണ്ട. കശ്മീരിലെ യുവാക്കളെ പ്രചോദിപ്പിച്ച് തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യാനായി പഴയ ഭീകരരെ ഇന്ത്യയിലേക്ക് അയയ്ക്കുകയാണ്’ പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണൽ സുനീൽ ബർട്ട്വാൾ പറഞ്ഞു.
Discussion about this post