ന്യൂഡൽഹി: പ്രതിപക്ഷത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഡൽഹി ഓർഡിനൻസ് ബിൽ രാജ്യസഭയിലും പാസാക്കി ഭരണപക്ഷം. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെ മറികടന്നാണ് ബിൽ രാജ്യസഭയിൽ പാസായത്. 131 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 102 പേരാണ് എതിർത്തത്.
ഇൻഡിയ എന്ന പേരിൽ പുതിയതായി രൂപീകരിച്ച പ്രതിപക്ഷ സഖ്യം സഭ ബഹിഷ്കരിച്ചതോടെ ശബ്ദ വോട്ടോടെയായിരുന്നു കഴിഞ്ഞ ദിവസം ലോക്സഭയിൽ ബിൽ പാസായത്. ഇരു സഭകളിലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ അവതരിപ്പിച്ചത്.
ബിൽ പാസായതിനെതിരെ രംഗത്ത് വന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി സുപ്രീം കോടതി വിധിയെ മറികടക്കുന്നു എന്ന് ആരോപിച്ചു. എന്നാൽ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് അമിത് ഷാ വ്യക്തമാക്കി.
ദേശീയ തലസ്ഥാനത്ത് ഫലപ്രദവും അഴിമതി രഹിതവുമായ ഭരണം ഉറപ്പ് വരുത്തലാണ് ബില്ലിന്റെ ലക്ഷ്യമെന്ന് അമിത് ഷാ വിശദീകരിച്ചു. ഡൽഹി മദ്യനയ അഴിമതി അട്ടിമറിക്കാൻ ശ്രമിച്ച ആം ആദ്മി പാർട്ടി സർക്കാരിന് ഇനി അത്തരം നടപടികളെ കുറിച്ച് ചിന്തിക്കാനുള്ള സാവകാശം പോലും ലഭിക്കില്ലെന്ന് ബിൽ അവതരണ വേളയിൽ അമിത് ഷാ പറഞ്ഞു.
ബിൽ ഇരു സഭകളിലും പാസായതോടെ ഇനി രാഷ്ട്രപതിയുടെ മുന്നിലേക്ക് എത്തും. രാഷ്ട്രപതി ബില്ലിൽ ഒപ്പ് വെക്കുന്നതോടെ ഇത് രാജ്യത്തെ നിയമമായി മാറും.
Discussion about this post