ബംഗളൂരു; വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി റദ്ദാക്കി കർണാടക ഹൈക്കോടതി. ആറുവർഷത്തോളം പരസ്പര സമ്മതത്തോടെ ശാരീരികബന്ധത്തിലേർപ്പെട്ടശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ആറ് വർഷത്തെ ബന്ധത്തിന് ശേഷം വിവാഹ വാഗ്ദാനം ലംഘിച്ചുവെന്നാരോപിച്ച് ബംഗളൂരു സ്വദേശിയായ യുവാവിനെതിരെ യുവതി രണ്ട് ക്രിമിനൽ കേസുകൾ നൽകിയിരുന്നു. കർണാടക ഹൈക്കോടതിയാണ് യുവതിയുടെ രണ്ട് പരാതികൾക്കും നിയമസാധ്യതയില്ലെന്ന് വ്യക്തമാക്കി കേസ് തള്ളിയത്. നിയമത്തിന്റെ ദുരുപയോഗമായിട്ടാണ് കോടതി ഈ പരാതിയെ വിലയിരുത്തിയത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ കണ്ടുമുട്ടിയ ശേഷം പരാതിക്കാരിയും യുവാവും പരസ്പര സമ്മതത്തോടെ ആറു വർഷമായി ലൈംഗിക ബന്ധം പുലർത്തുന്നു. പരാതിയിൽ എല്ലാ വിശദാംശങ്ങളുമുണ്ട്. 2019 ഡിസംബർ 27 മുതൽ ഇരുവരും തമ്മിലുള്ള അടുപ്പം കുറഞ്ഞു. 6 വർഷത്തെ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം അടുപ്പം ഇല്ലാതാകുന്നത് ബലാത്സംഗത്തിന്റെ പരിധിയിൽ വരുമെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് എം നാഗപ്രസന്നയാണ് പരാതി റദ്ദാക്കിയത്. ഇരുവരുടെയും ബന്ധം, ഒന്നും രണ്ടുമല്ല, ആറുവർഷമാണ് നീണ്ടുനിന്നത്. അതുകൊണ്ടുതന്നെ ഐപിസി സെക്ഷൻ 376 പ്രകാരമുള്ള ബലാത്സംഗക്കുറ്റമായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് ജഡ്ജി കൂട്ടിച്ചേർത്തു.
നല്ല പാചകക്കാരനാണെന്ന് പറഞ്ഞ് യുവതിയെ ഇയാൾ പതിവായി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാറുണ്ടായിരുന്നു. തുടർന്ന് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ വാദം. പിന്നീട് വാഗ്ദാനം ലംഘിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. അതേസമയം, സമ്പന്നരുമായി ചങ്ങാത്തം കൂടുന്നതും പണം തട്ടുന്നതും യുവതിയുടെ പതിവാണെന്ന് യുവാവ് കോടതിയിൽ പറഞ്ഞു.
Discussion about this post