ന്യൂഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (എഐഐഎ) തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും സിനിമ താരവുമായ കൃഷ്ണകുമാര്‍ കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത, ആയുഷ് മന്ത്രി സര്‍ബാനന്ദ സോണോവാളിനെ സന്ദര്‍ശിച്ചു നിവേദനം നല്‍കി.
കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി നിലനില്‍ക്കുന്നത് തിരുവനന്തപുരത്താണ്. അത്തരം സാംസ്‌കാരിക പൈതൃകങ്ങള്‍ ഇന്നും നിലനില്‍ക്കുന്ന തിരുവനന്തപുരം ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട് പോലെയുള്ള സുപ്രധാന സ്ഥാപനത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് കൃഷ്ണകുമാര്‍ മന്ത്രിയെ അറിയിച്ചു. ആയുര്‍വേദവുമായി ജില്ലയ്ക്ക് അഭേദ്യമായ ബന്ധമാണ്. തിരുവനന്തപുരത്തിന് സമീപം സമുദ്രനിരപ്പില്‍ നിന്ന് 6201 അടി ഉയരത്തിലുള്ള അഗസ്ത്യാര്‍കൂടം അപൂര്‍വമായ ഔഷധ സസ്യങ്ങള്‍ നിറഞ്ഞ സ്ഥലമാണ്. സിദ്ധ, ആയുര്‍വേദ ചികിത്സകള്‍ക്കായി ഉപയോഗിക്കുന്ന 2000ത്തോളം ഔഷധ സസ്യങ്ങള്‍ അവിടെ കാണപ്പെടുന്നു. ഈ വിഭവങ്ങളുടെ സമൃദ്ധി എഐഐഎയിലെ ഗവേഷണത്തിനും പഠനത്തിനും ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ കോവളം, വര്‍ക്കല, പൂവാര്‍ തുടങ്ങിയ അന്താരാഷ്ട്ര പ്രശസ്തമായ ബീച്ചുകളും പൊന്‍മുടി, തെന്മല തുടങ്ങിയ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തിന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ ആഗോള ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയും. ആയുര്‍വേദ സേവനം ഉറപ്പാക്കുന്നതിലൂടെ കൂടുതല്‍ അന്താരാഷ്ട്ര സന്ദര്‍ശകര്‍ എത്തുമെന്നും അത് ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വേകുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഭൂമി ലഭ്യതയും അനുകൂലമായ കാലാവസ്ഥയും എഐഐഎ തിരുവനന്തപുരത്ത് സ്ഥാപിക്കാനുള്ള അനുകൂല ഘടകങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ സംസ്ഥാനങ്ങളിലും ആയുര്‍വേദ സേവനം ലഭ്യമാക്കണമെന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. ഇതിനായി സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി സോണോവാള്‍ പറഞ്ഞു.
Discussion about this post