എറണാകുളം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്‌കറിയയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി. മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിലാണ് ഷാജൻ സ്‌കറിയയ്ക്ക് അനുകൂല വിധി. അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിന് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഷാജൻ സ്‌കറിയ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബുവായിരുന്നു ഹർജി പരിഗണിച്ചത്. ഹർജി സൂക്ഷ്മമായി പരിശോധിച്ച കോടതി മുൻ കൂർ ജാമ്യം നൽകിക്കൊണ്ട് ഉത്തരവിടുകയായിരുന്നു. ഈ മാസം 17 ന് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിലമ്പൂർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്‌കറിയ ആണ് ഷാജൻ സ്‌കറിയയ്‌ക്കെതിരെ പരാതി നൽകിയിട്ടുള്ളത്.
അതേസമയം വിവിധ പരാതികളിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ ഷാജൻ സ്‌കറിയ ഒളിവിലാണ്. അദ്ദേഹത്തിനായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഷാജൻ സ്‌കറിയയെ കണ്ടെത്താനുള്ള ശ്രമത്തിൻറെ ഭാഗമായി മാദ്ധ്യമപ്രവർത്തകൻ ജി. വിശാഖൻറെ ഫോൺ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിനെ രൂക്ഷമായ ഭാഷയിൽ ആയിരുന്നു ഹൈക്കോടതി വിമർശിച്ചത്.
Discussion about this post