ഓരോ വര്‍ഷം കഴിയുന്തോറും ചൊവ്വയുടെ ഭ്രമണത്തിന് വേഗതയേറുന്നതായി കണ്ടെത്തല്‍. നാസയുടെ ഇന്‍സൈറ്റ് ദൗത്യത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗപ്പെടുത്തി നടത്തിയ പഠനമാണ് ചൊവ്വയുടെ കറക്കത്തിന് വേഗതയേറി വരുന്നുവെന്ന വിവരം പുറത്തുവിട്ടത്. പ്രതിവര്‍ഷം 4 മില്ലിയാര്‍ക് സെക്കന്‍ഡുകള്‍ എന്ന നിരക്കില്‍ ചൊവ്വയുടെ ഭ്രമണവേഗത വര്‍ദ്ധിക്കുന്നുവെന്നാണ് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്. ഇതുകൊണ്ട് ചൊവ്വയിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യത്തില്‍ ഓരോ വര്‍ഷവും നേരിയ കുറവുണ്ടാകുന്നതായും പഠനം പറയുന്നു.
സാധാരണഗതിയില്‍ ഒരു ഗ്രഹത്തിന്റെ ഭ്രമണ വേഗതയിലുണ്ടാകുന്ന മാറ്റങ്ങള്‍ കണ്ടെത്തുക വളരെ പ്രയാസകരമാണ്. എന്നാല്‍ 2022 ഡിസംബറില്‍ ദൗത്യം അവസാനിപ്പിക്കുന്നതിന് മുമ്പ് ചൊവ്വയെ കുറിച്ച് ഇന്‍സൈറ്റ് ശേഖരിച്ച നാലുവര്‍ഷത്തെ വിവരങ്ങള്‍ ശാസ്ത്രസമൂഹത്തിന് പ്രയോജനപ്പെട്ടു. ഇന്‍സൈറ്റ് ചൊവ്വയില്‍ ചെലവഴിച്ച ആദ്യ 900 ദിവസങ്ങളില്‍ ശേഖരിച്ച ഭ്രമണവേഗത സംബന്ധിച്ച അളവുകള്‍ ചൊവ്വയുടെ ഭ്രമണവേഗതയിലുണ്ടായ മാറ്റം കണ്ടെത്താന്‍ ധാരാളമായിരുന്നു. റേഡിയോ തരംഗങ്ങളെ ബഹിരാകാശത്തേക്ക് അയച്ച് ചൊവ്വയുടെ ഉപരിതലത്തില്‍ തിരിച്ചെത്താന്‍ അവയെടുക്കുന്ന സമയം വിലയിരുത്തിയാണ് ഇന്‍സൈറ്റ് ചൊവ്വയുടെ ഭ്രമണത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിച്ചത്.
അതേസമയം ചൊവ്വയുടെ ഭ്രമണം വേഗത്തിലാകാനുള്ള കാരണം ഇനിയും ശാസ്ത്രജ്ഞര്‍ക്ക് പൂര്‍ണ്ണമായി ബോധ്യമായിട്ടില്ല. എന്നാല്‍ ഇത് സംബന്ധിച്ച് ചില ആശയങ്ങള്‍ ശാസ്ത്രജ്ഞര്‍ മുന്നോട്ടുവെക്കുന്നുണ്ട്. ഇതിലൊന്ന് ചൊവ്വയുടെ ധ്രുവങ്ങളില്‍ ഐസ് അടിഞ്ഞുകൂടുന്നത് ഗ്രഹത്തിലെ പിണ്ഡ വിതരണത്തില്‍ മാറ്റമുണ്ടാക്കിയിരിക്കാം എന്നതാണ്. അല്ലെങ്കില്‍ സഹസ്രാബ്ദക്കാലം ഐസിനടിയില്‍ പുതഞ്ഞിരുന്ന പിണ്ഡം മുകളിലേക്ക് ഉയരുന്ന പോസ്റ്റ്-ഗ്ലേഷിയല്‍ റീബൗണ്ട് എന്ന പ്രതിഭാസം കൊണ്ടായിരിക്കാം ചൊവ്വയുടെ ഭ്രമണത്തില്‍ വ്യത്യാസമുണ്ടായതെന്നും ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ഇവ രണ്ടാണെങ്കിലും വേഗതയിലുണ്ടാകുന്ന ക്രമേണയുള്ള ഈ മാറ്റം വലിയൊരു കാലയളവില്‍ ചൊവ്വയുടെ ഭ്രമണത്തില്‍ വലിയ മാറ്റമുണ്ടാക്കാന്‍ ധാരാളമാണ്.
Discussion about this post