ധമാസ്‌കസ്: സിറിയയിൽ സൈനികർക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണം. വെടിവയ്പ്പിൽ 23 സിറിയൻ പട്ടാളക്കാർ കൊല്ലപ്പെട്ടു. ഇന്നലെ വൈകീട്ടോടെ ദേർ അൽ സൗർ പ്രവിശ്യയിൽ ആയിരുന്നു രാജ്യത്തെ നടുക്കിയ ആക്രമണം ഉണ്ടായത്.
രഹസ്യമായി സൈനിക കേന്ദ്രത്തിൽ എത്തിയ ശേഷം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ 10 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണ ശേഷം നിരവധി സൈനികരെ കാണാതായി. ഇവരെ ഭീകരർ കടത്തിക്കൊണ്ട് പോയി എന്നാണ് സംശയിക്കുന്നത്. ഇവർക്കായി അന്വേഷണം ആരംഭിച്ചു.
അടുത്തിടെയും സിറിയയിൽ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരാക്രമണം നടത്തിയിരുന്നു. ഇതിൽ 10 സൈനികരും സർക്കാർ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ നടുക്കം മാറുന്നതിന് മുൻപായിരുന്നു വീണ്ടും ആക്രമണം ഉണ്ടാകുന്നത്. അടുത്തിടെ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയവയിൽ ഏറ്റവും കൂടുതൽ ആൾനാശം ഉണ്ടാക്കിയ ആക്രമണം ആയിരുന്നു ദേർ അൽ സൗർ പ്രവിശ്യയിലേത്.
അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് സിറിയൻ മനുഷ്യാവകാശ സംഘടന അറിയിച്ചു. അതിനാൽ മരണ സംഖ്യ ഇനിയും ഉയരാമെന്നും സംഘടന വ്യക്തമാക്കി.
Discussion about this post