ചെന്നൈ: പുതിയ ചിത്രം ജയിലർ തിയറ്ററുകളിൽ ആരാധകർ ആഘോഷമാക്കുന്നതിനിടെ ആത്മീയ യാത്രയിൽ സ്റ്റൈൽ മന്നൻ രജനികാന്ത്. ഹിമാലയൻ യാത്രയിലാണ് രജനികാന്ത് എന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്ന ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
ഹിമാലയത്തിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പമുള്ള രജനികാന്തിന്റെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹത്തിന്റെ ഹിമാലയൻ യാത്ര. ഇതിനിടെ നദിയ്ക്ക് സമീപത്തെ പാലത്തിൽ മൂന്ന് പേരും നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനൊപ്പം ഹിമാലയത്തിലെ ആത്മീയ ആചാര്യന്മാർക്കൊപ്പം ഇരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.
വെള്ള കുർത്തയും പൈജാമയും ആണ് യാത്രാ വേളയിൽ അദ്ദേഹം ധരിച്ചിരിക്കുന്നത്. കഴുത്തിൽ രുദ്രാക്ഷമാലയും നെറ്റിയിൽ ചന്ദനക്കുറിയും കാണാം. സാധാരണയായി ഓരോ ചിത്രങ്ങളുടെയും വിജയത്തിന് ശേഷം രജനികാന്ത് ഹിമാലത്തിലേക്ക് യാത്ര പോകാറുണ്ടെന്നാണ് വിവരം. എന്നാൽ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് 2010 ഓടെ ഈ ശീലം അദ്ദേഹം താത്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ചിത്രം ജയിലർ വമ്പൻ ഹിറ്റായിരിക്കുകയാണ്. ഇതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹം ഹിമാലയത്തിലേക്ക് യാത്ര തിരിച്ചത് എന്നാണ് സൂചനകൾ.
കഴിഞ്ഞ ദിവസം ആയിരുന്നു ജയിലർ തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യ ദിനം തന്നെ പ്രേഷക സ്വീകാര്യത നേടിയ ചിത്രം റെക്കോർഡ് കളക്ഷനും സ്വന്തമാക്കി. ഒറ്റ ദിവസം കൊണ്ടുതന്നെ 50 കോടിയിലധികം രൂപയായിരുന്നു ചിത്രം സ്വന്തമാക്കിയത്.
Discussion about this post